സിപിഎം കോട്ടയില്‍ എബിവിപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ ജയിച്ചു

മടിക്കൈ: സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ മടിക്കൈ പഞ്ചായത്തിലെ മടിക്കൈ അമ്പലത്തുകര സെക്കന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എബിവിപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ ജയിച്ചു. പ്ലസ്വണ്‍ ഹ്യൂമാനിറ്റീസ് ബാച്ചിലാണ് എബിവിപി പ്രവര്‍ത്തകന്‍ വാഴക്കോട്ടെ ജിഷ്ണു പുളിക്കാല്‍ എതിരില്ലാതെ ജയിച്ചത്. മടിക്കൈയിലെ ഹയര്‍ സെക്കന്ററി സ്‌കൂളിലും ഓരോ ഏരിയാ നേതാക്കള്‍ക്കും പാര്‍ട്ടി ചുമതല നല്‍കിയിരുന്നു. എന്നിട്ടും മടിക്കൈ സെക്കന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എബിവിപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ ജയിച്ചത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. മടിക്കൈ സെക്കന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എബിവിപി സ്ഥാനാര്‍ത്ഥി ജയിക്കാന്‍ സാധ്യതയുണ്ട് എന്ന സൂചനയെ തുടര്‍ന്ന് പാര്‍ട്ടി ഏരിയാ നേതൃത്വം ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണുവിന്റെ എതിരാളിയായി ആലമ്പാടിയിലെ പാര്‍ട്ടി കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയെ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാല്‍ ഈ തീരുമാനം അട്ടിമറിച്ച് കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വരുന്ന പെണ്‍കുട്ടിയെയാണ് ഇവിടെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തിറക്കിയത്. എന്നാല്‍ നോമിനേഷന്‍ പിന്‍വലിക്കേണ്ട ദിവസം സ്ഥാനാര്‍ത്ഥിയായ പെണ്‍കുട്ടി അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു. എസ്എഫ്ഐക്കും സിപിഎമ്മിനും കനത്ത തിരിച്ചടിയായി ജിഷ്ണു എതിരില്ലാതെ ജയിച്ചത്. ഒമ്പത് എ ക്ലാസിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എ ബി വി പി സ്ഥാനാര്‍ത്ഥി മുത്തപ്പന്‍തറയിലെ ആദിനാഥ് മൃഗീയ ഭൂരിപക്ഷത്തില്‍ വിജിയിച്ചിരുന്നു.
എ ബി വി പി സ്ഥാനാര്‍ത്ഥിക്ക് 36 വോട്ട് കിട്ടിയപ്പോള്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും ആറ് വോട്ട് മാത്രമാണ്.

 

Spread the love
error: Content is protected !!