നവകേരള സദസ്സ് : വരവ് – ചെലവ് കണക്ക് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട് : നവകേരള സദസിന്റെ വരവ് ചെലവ് കണക്ക് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു. ബിജെപി ലീഗല്‍ സെല്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണ് നവ കേരള സദസ്സ്. പരിപാടിയുടെ വരവ് – ചെലവ് സംബന്ധിച്ച് യാതൊരു രേഖയും ജില്ലാ കലക്ടറേറ്റില്‍ ലഭ്യമല്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഒരു പണവും ഈ പരിപാടിക്ക് വേണ്ടി നല്‍കിയിട്ടില്ല. പരിപാടിക്ക് വേണ്ടി എവിടുന്ന്, ആരില്‍ നിന്ന് പണം സമാഹരിച്ചു എന്നും എന്തിനൊക്കെ വേണ്ടി ചെലവഴിച്ചു എന്നും വ്യക്തമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. യാതൊരുവിധ ടെണ്ടര്‍ നടപടികളോ ഓഡിറ്റിങ്ങോ ഇല്ലാതെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തുകയാണ് പിണറായി സര്‍ക്കാര്‍ എന്നും അദ്ദേഹം ആരോപിച്ചു. നവ കേരള സദസ്സ് സംബന്ധിച്ചുള്ള വസ്തുതകള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പിണറായി സര്‍ക്കാര്‍ അത് മറച്ചു വെക്കുകയാണ്. നവകേരള പരിപാടിയുടെ മറവില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. അഴിമതി നടത്താനുള്ള ലൈസന്‍സ് ആണ് പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്നും അഡ്വ. ശ്രീകാന്ത് കുറ്റപ്പെടുത്തി. ഉപരാഷ്ട്രപതിയെ അപമാനിച്ച പ്രതിപക്ഷത്തിന്റെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു.
ബിജെപി ജില്ലാ ലീഗല്‍ കണ്‍വീനര്‍ അഡ്വ. സദാനന്ദ റൈ അധ്യക്ഷനായി. അഡ്വ. മനോജ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാകോ-കണ്‍വീനര്‍ അഡ്വ. കെ.പി. സുരേഷ് സ്വാഗതവും അഡ്വ. ഗായത്രി നന്ദിയും പറഞ്ഞു.

 

Spread the love
error: Content is protected !!