സംഭവത്തില്‍ ദുരൂഹത: അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റി യുവതിയും യുവാവും മരിച്ചു

പത്തനംതിട്ട: അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റി വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട യുവതി- യുവാക്കള്‍ മരിച്ചു. നൂറനാട് സ്വദേശിനിയും അധ്യാപികയുമായ അനുജ(37), ചാരുംമൂട്, പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരായിരുന്നു മരിച്ചത്. കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം.

വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരും കാര്‍ യാത്രികരാണ്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ ആലപ്പുഴ നൂറനാട് സ്വദേശിനി അനുജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്തേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്നു . മടക്കയാത്രക്കിടയില്‍ അനുജ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ ഹാഷിം തടഞ്ഞു നിര്‍ത്തി ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പോലീസിന് നല്‍കിയ മൊഴി. തങ്ങള്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് അനുജ പറഞ്ഞിരുന്നതായി സഹഅധ്യാപിക
പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കാറില്‍കയറ്റിയ ശേഷം ഹാഷിം കാര്‍ അമിത വേഗതയില്‍ ഓടിച്ച് ഏഴംകുളം, പാട്ടാഴിമുക്കില്‍ വെച്ച് എതിര്‍
ദിശയില്‍ നിന്ന് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നുമാണ് പോലീസിന്റെ വിലയിരുത്തല്‍. ഇരുവരും തല്‍ക്ഷണം മരിച്ചു.അനുജയും ഹാഷിമും ഏറെ കാലമായി അടുപ്പത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാറിനകത്തു കുടുങ്ങിയ അനുജയേയും ഹാഷിമിനെയും സാഹസികമായാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്പുറത്തെടുത്തത്.

Spread the love
error: Content is protected !!