നീലേശ്വരം: നീലേശ്വരം നഗരസഭയിലെ സുപ്രധാന വികസന പദ്ധതികളും നഗരത്തിന്റെ മുഖഛായ മാറുന്നതുമായ നിര്‍മാണ പ്രവൃത്തികള്‍ അട്ടിമറിക്കാനുള്ള യു ഡി എഫ് നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് സിപിഐ എം നീലേശ്വരം എരിയ കമ്മിറ്റി വ്യക്തക്കി. നീലേശ്വരം – ഇടത്തോട് റോഡിന്റെ പണിപൂര്‍ത്തികരിക്കുന്നതിന് എല്‍ ഡി എഫ് ഗവണ്മെന്റ് 55 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചുവെങ്കിലും, ടെണ്ടര്‍ തുറക്കേണ്ടതില്ലെന്ന യു ഡി എഫ് സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രവര്‍ത്തി വഴിമുട്ടിനില്‍ക്കുകയാണ്. നിലവില്‍ കോണ്‍വെന്റ് ജംഗ്ഷന് ഉള്‍പ്പടെ റോഡ് പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗവണ്മെന്റ് ഇടപെട്ട് നീലേശ്വരം ഇടത്തോട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി അടിയന്തിരമായും പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് സി പി ഐ എം നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 31 ന് വൈകുന്നേരം 4 ന് കോണ്‍വെന്റ് ജംഗഷ്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഏരിയ സെക്രട്ടറി എം രാജന് വ്യക്തമാക്കി. നീലേശ്വരം നഗരത്തിന്റെ മറ്റൊരു സുപ്രധാന പദ്ധതിയായ രാജാ റോഡ് വികസനവും ഭരണമുന്നണിയുടെ ഇടപെടല്‍ മൂലം മന്ദഗതിയിലാണ്. നഷ്ടപരിഹാര തുക പൂര്‍ണമായും കെ ആര് എഫ് ബി കൈമാറിയിട്ടും റവന്യൂ വകുപ്പ് വിതരണത്തില്‍ മെല്ലെപ്പോക്ക് സമീപനമാണ് കാണിക്കുന്നത്. ദ്രുതഗതിയില്‍ നിര്‍മ്മാണം നടന്നു വന്ന കച്ചേരിക്കടവ് പാലത്തിന്റെ പ്രവൃത്തിയിലും ഇതേ സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ഇതിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നിരിക്കുകയാണ്. ഇടതു സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ വൈകിപ്പിച്ച് തങ്ങളുടെ നേട്ടമാക്കി മാറ്റാനുള്ള ശ്രമമാണ് യു ഡി എഫ് നേതാക്കളും ജനപ്രതിനിധികളും കാണിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിഷേധത്തില്‍ അണിചേരുമെന്ന് സിപിഐ എം നേതാക്കള്‍ വ്യക്തമാക്കി.
