കാഞ്ഞങ്ങാട്: സി.പി.എം വിപുലീകൃത ജില്ലാ സമ്മേളനത്തില് തഴഞ്ഞതില് പ്രതിഷേധിച്ച് സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം. രാഘവന് കോട്ടച്ചേരി സര്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. സഹകരണ സംഘം റജിസ്ട്രാര്ക്ക് അദ്ദേഹം രാജിക്കത്ത് സമര്പ്പിച്ചു.
നേതൃത്വം നിരന്തരമായി അവഗണിക്കുന്നതിനെ തുടര്ന്നാണ് രാജിയെന്നാണ് സൂചന. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗമായ രാഘവനെ, ജില്ലാ കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാക്കളായി ഏതാനും പേരെ ഉള്പ്പെടുത്തിയപ്പോഴും പരിഗണിച്ചില്ല. അനുഭവസമ്പത്തും സംഘടനാ പാടവവുമുള്ള രാഘവനെ തഴഞ്ഞതാണ് രാജിക്ക് കാരണമെന്നാണ് പാര്ട്ടിക്കുള്ളിലെ സംസാരം. രാഘവന്റെ രാജി സി.പി.എമ്മിനകത്ത് വന് പൊട്ടിത്തെറിക്ക് കാരണമായേക്കും.
എസ്.എഫ്.ഐ നേതൃത്വത്തിലൂടെ വളര്ന്നുവന്ന രാഘവന് സി.പി.എമ്മിന്റെ ജില്ലയിലെ പ്രധാന നേതാക്കളില് ഒരാളാണ്. മുന് ആഭ്യന്തരമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പരേതനായ കോടിയേരി ബാലകൃഷ്ണന്റെ ദീര്ഘകാല പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
