എസ്ഐആറിന്റെ മറവില്‍ ബംഗ്ലാദേശ് മാതൃകയിലുള്ള കലാപത്തിന് നീക്കം: അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട്: ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമമാണ് എസ്ഐആറിനെതിരായ പ്രക്ഷോഭത്തിന്റെ മറവില്‍ നടക്കുന്നതെന്ന് ബിജെപി കണ്ണൂര്‍ മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. ബിജെപി സംഘടിപ്പിച്ച നഞ്ചില്‍ കുഞ്ഞിരാമന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്ഐആറിന്റെ മറവില്‍ ബംഗ്ലാദേശ് മാതൃകയിലുള്ള കലാപത്തിന് നീക്കുമെന്ന് അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനോ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ പരാജയപ്പെടുത്താനോ കഴിയില്ലെന്ന് ബോധ്യപ്പെട്ട രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ബംഗ്ലാദേശ് മാതൃകയിലുള്ള കലാപത്തിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് ഐസയുടെ അഖിലേന്ത്യാ പ്രസിഡന്റ് നേഹ ബോറയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമായി. ബംഗ്ലാദേശില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ പ്രകടനങ്ങളും അവയെ ഇന്ത്യയിലെ പ്രക്ഷോഭകര്‍ സ്വാഗതം ചെയ്യുന്നതും അധികാരമാറ്റമാണ് ലക്ഷ്യമെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രഖ്യാപിച്ചതും ഇതിന്റെ പ്രത്യക്ഷ തെളിവുകളാണ്. ഈ നീക്കങ്ങള്‍ പൊതുജനം ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.തീവ്ര ഇടതുപക്ഷ സംഘടനകളുടെ കൈയിലെ പാവയായി രാഹുല്‍ ഗാന്ധി മാറിയിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമെന്ന നിലയിലല്ല കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പെരുമാറുന്നത്. മിന്നല്‍ പ്രക്ഷോഭങ്ങളിലൂടെ അനിശ്ചിതത്വം സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ശ്രമം. ഈ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവരെല്ലാം നീതി നിഷേധിക്കപ്പെട്ടവരോ നിഷ്പക്ഷരായ യുവാക്കളോ അല്ലെന്നും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവരാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ അതിവേഗം വളരുകയാണ്. അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) പുതിയ പ്രവചനപ്രകാരം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ശക്തമായി തുടരുമ്പോള്‍, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളുടെ വളര്‍ച്ചാനിരക്ക് വളരെ താഴ്ന്ന നിലയിലാണ്. സാമ്പത്തിക, സാങ്കേതിക, പ്രതിരോധ മേഖലകളില്‍ മുന്നേറി ഇന്ത്യ ഇന്ന് ആഗോള ശക്തിയായി മാറിയിരിക്കുന്നു. ലോകവേദിയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിച്ചതിന്റെ തെളിവാണ് വിവിധ അന്താരാഷ്ട്ര വിഷയങ്ങളില്‍ രാജ്യത്തിന്റെ നിലപാടുകള്‍ക്ക് ലഭിക്കുന്ന അംഗീകാരം. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി മോദിയുടെ ഇടപെടല്‍ അന്താരാഷ്ട്ര സമൂഹം തന്നെ അഭ്യര്‍ഥിക്കുന്ന സാഹചര്യമാണുള്ളത്. സമാധാനത്തിനും സ്ഥിരതയ്ക്കും വികസനത്തിനും നേതൃത്വം നല്‍കുന്ന ആഗോള ശക്തിയായി ഇന്ത്യ ഉയര്‍ന്നുവരുകയാണെന്നും അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.ശശിധരന്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ്,ജില്ലാ കമ്മിറ്റി അംഗം എം സദാശിവന്‍ എന്നിവര്‍ സംസാരിച്ചു.
.വിഷ്ണു കാട്ടാമ്പള്ളി സ്വാഗതവും,ജി കെ കൈന്താര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!