പെരിയ: സംസ്ഥാനത്ത് തന്നെ ആദ്യമായി രൂപീകരിച്ച തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കാസര്കോട് ജില്ലാ കമ്മിറ്റിയുടെ അഞ്ചാം വാര്ഷികം നവംബര് 7ന് പെരിയ രാജ് ഓഡിറ്റോറിയത്തില് നടക്കും.വാര്ഷികത്തിന്റെ വിജയത്തിനായി സി.എച്ച്. മണി ചെയര്മാനും സതീശന് കുറ്റിപ്പുറം ജനറല് കണ്വീനറും ബിനു ബളാല് ഖജാന്ജിയുമായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. അപകടസാധ്യതയും സാഹസികതയും നിറഞ്ഞതുകൊണ്ടുതന്നെ പുതുതലമുറ അകലം പാലിക്കുന്ന തെങ്ങ്-കവുങ്ങ് കയറ്റ മേഖലയില് തൊഴിലാളികള്ക്ക് സുരക്ഷയും കരുതലുമായി മാതൃകയാവുകയാണ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം. 2021ല് 60 അംഗങ്ങളുമായി രജിസ്റ്റര് ചെയ്ത് തുടക്കം കുറിച്ച സംഘടന, 2026ല് എത്തുമ്പോള് പരമ്പരാഗത തൊഴിലാളികള് ഉള്പ്പെടെ 450ലധികം തെങ്ങ്-കവുങ്ങ് കയറ്റ തൊഴിലാളികളെ ചേര്ത്തുപിടിക്കാന് കഴിഞ്ഞു. ഇതില് പത്തോളം വനിതകളും ഉള്പ്പെടുന്നു എന്നത് അഭിമാനാര്ഹമായ നേട്ടമാണ്. തൊഴിലാളികള്ക്ക് താങ്ങും തണലുമായി പ്രവര്ത്തിക്കുന്ന 20 അംഗ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘടന മുന്നോട്ടുപോകുന്നത്. ജോലിക്കിടയില് അപകടങ്ങളില് പെടുന്ന തൊഴിലാളികള്ക്ക് അടിയന്തര ചികിത്സാ സഹായങ്ങള് ഉറപ്പാക്കുന്നുണ്ട്. കൂടാതെ, നാളികേര വികസന ബോര്ഡിന്റെ 143 രൂപ പ്രീമിയത്തില് 7 ലക്ഷം രൂപയുടെ ഇന്ഷുറന്സ് പരിരക്ഷ ലഭ്യമാക്കാനും സംഘടന ശ്രദ്ധ പുലര്ത്തുന്നു. ജില്ലയില് 20 പഞ്ചായത്തുകളിലായി 13 യൂണിറ്റുകളാണ് നിലവില് ചങ്ങാതിക്കൂട്ടത്തിന് കീഴില് പ്രവര്ത്തിക്കുന്നത്. ചെങ്കല്ത്തടങ്ങളില് സ്വപ്നം നെയ്യുന്ന പെരിയയുടെ മണ്ണില് നടക്കുന്ന അഞ്ചാം ജില്ലാ വാര്ഷികത്തില് ജില്ലയിലെ മുഴുവന് തെങ്ങ്-കവുങ്ങ് കയറ്റ തൊഴിലാളികളെയും എത്തിക്കാനാണ് ജില്ലാ കമ്മിറ്റിയുടെയും സംഘാടക സമിതിയുടെയും ശ്രമം. വാര്ഷികത്തിന്റെ പ്രചാരണാര്ത്ഥം വിവിധ യൂണിറ്റുകളില് അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
