കുര്‍മാണം: കെ. മാധവിയുടെ ചിത്രപ്രദര്‍ശനം ആരംഭിച്ചു

കാഞ്ഞങ്ങാട്: കെ. മാധവിയുടെ ചിത്രപ്രദര്‍ശനം കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. ജാനകി മീങ്ങോത്ത് കൃഷിപ്പാട്ട് പാടി ഉദ്ഘാടനം ചെയ്തു.
കെ. മാധവി ചിത്രകലാനുഭവങ്ങള്‍ പങ്കുവെച്ചു. അംബിക അരവിന്ദ് മീങ്ങോത്ത്, ബിന്ദു സി.കെ., അജയ് പ്രസീദ്, ഗോപി മുളവന്നൂര്‍, രാജേന്ദ്രന്‍ മീങ്ങോത്ത്, വിനോദ് അമ്പലത്തറ, പ്രസാദ് കാനത്തുങ്കാല്‍ എന്നിവര്‍ സംസാരിച്ചു.
56-ാം വയസ്സിലാണ് മാധവി ചിത്രങ്ങള്‍ വരച്ചുതുടങ്ങുന്നത്. അമ്മയുടെയും ഭര്‍ത്താവിന്റെയും വിയോഗത്തിന് ശേഷമുള്ള ഏകാന്തതയില്‍, ഉറക്കമില്ലാത്ത രാത്രികളില്‍ മുന്നില്‍ കിട്ടുന്ന പേപ്പറുകളിലും ന്യൂസ് പേപ്പറുകളിലുമൊക്കെ കാണുന്ന ചിത്രങ്ങള്‍ നോക്കി വെറുതെ നേരംപോക്കിനായി തുടങ്ങിയതായിരുന്നു വര.
പിന്നീട് ഈ ചിത്രങ്ങള്‍ മക്കള്‍ കാണുകയും നല്ല കൈവഴക്കമുള്ള ഒരാളുടെ ചിത്രങ്ങള്‍ പോലെ തോന്നിക്കുന്നുവെന്ന് പറയുകയും ചെയ്തു. അങ്ങനെ പേപ്പറുകളില്‍ നിന്ന് പാലറ്റുകളിലെ അക്രിലിക് നിറങ്ങളിലേക്ക്, ഓര്‍മ്മകളും ചേര്‍ത്ത് ക്യാന്‍വാസുകളില്‍ വരച്ചുതുടങ്ങി.
വരച്ചിട്ടുള്ള ഓരോ ചിത്രത്തിനും ജീവിതവുമായും ജീവിച്ച മണ്ണുമായും വളരെയധികം ബന്ധമുണ്ട്. ക്രമേണ ചെറുപ്പകാലത്ത് വീട്ടിലും പരിസരങ്ങളിലും കണ്ടുമുട്ടിയ മനുഷ്യരെ അവരുടെ രൂപസാദൃശ്യത്തോടെ ഓര്‍മ്മയില്‍ നിന്ന് വരയ്ക്കാന്‍ തുടങ്ങി. പൂരോത്സവം, പൂക്കള്‍ ശേഖരിക്കുന്ന കുട്ടികള്‍, കൊയ്ത്തുകാലം, കശുമാങ്ങക്കാലം, വാറ്റുചാരായം ഉണ്ടാക്കുന്നവര്‍, വയറ്റാട്ടിമാര്‍, കൃഷിയിടം, ഞാറ്റുവേലകള്‍, ഉപകരണങ്ങള്‍, വിവിധയിനം ഔഷധസസ്യങ്ങള്‍, ജീവിവര്‍ഗങ്ങള്‍ എല്ലാം പെയിന്റിംഗില്‍ കടന്നുവരാന്‍ തുടങ്ങി.
ഇത്തരത്തില്‍ വരച്ച 100-ലധികം പെയിന്റിംഗുകള്‍ ശ്രദ്ധേയമാണ്. കേരള ലളിതകലാ അക്കാദമിയുടെ പ്രദര്‍ശനത്തിനുള്ള ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. അക്കാദമിയുടെ സംസ്ഥാന പ്രദര്‍ശനത്തിലും പെയിന്റിംഗ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ചിത്രകാരന്മാരായ വിനോദ് അമ്പലത്തറ, പ്രസാദ് കാനത്തുങ്കാല്‍, സന്തോഷ് ഐറിസ് എന്നിവര്‍ മക്കളാണ്.
പ്രദര്‍ശനം 23ന് സമാപിക്കും.

 

error: Content is protected !!