ഇഖ്ബാല്‍ സ്‌കൂള്‍ ഉള്‍പ്പെടെ കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത മാനേജര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ ക്രിമിനല്‍ കേസ്

കാഞ്ഞങ്ങാട്: ന്യൂനപക്ഷ വിഭാഗങ്ങളിലേതടക്കം പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിക്കുകയും കാഞ്ഞങ്ങാട്ടെ ഉദാരമതികളുടെയും സമുദായ സ്നേഹികളുടെയും സഹായത്തോടെ നിലവില്‍ വരികയും ചെയ്ത അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഉള്‍പ്പെടെയുള്ള കോടികളുടെ സ്വത്തുവകളും സ്‌കൂള്‍ നടത്തിപ്പും ലക്ഷങ്ങളുടെ വരുമാനവും നിയമനങ്ങള്‍ വഴി ലഭിച്ച കോടിക്കണക്കിന് രൂപയും തട്ടിയെടുത്ത് സ്‌കൂള്‍ നടത്തിപ്പ് അന്യായമായി കൈവശം വെച്ച മാനേജര്‍ക്കും മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോക്ടര്‍മാര്‍ക്കുമെതിരെ ഹോസ്ദുര്‍ഗ് പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇഖ്ബാല്‍ സ്‌കൂളിന്റെ ഉടമസ്ഥരായ കാഞ്ഞങ്ങാട് മുസ്ലീം യത്തിംഖാന നല്‍കിയ പരാതിയില്‍ സ്‌കൂള്‍ മാനേജര്‍ എംബിഎം അഷറഫ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ ബഷീര്‍ എംബിഎം, ഡോ. എം എ അബ്ദുള്‍ ഹഫീസ്, ഡോ. എം എ മുഹമ്മദ് അഫ്സല്‍ എന്നിവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത 2023ലെ 61(1), 336, 340, 318, 316(2), 1954 ലെ വഖഫ് ആക്ട് 52(എ) എന്നീവകുപ്പുകള്‍ പ്രകാരമാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 1967ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയയാണ് അജാനൂര്‍ തീരദേശ മേഖലകളിലേതുള്‍പ്പെടെ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളിലെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സ്‌കൂള്‍ അനുവദിച്ചത്. അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്രസയിലായിരുന്നു ആദ്യ വര്‍ഷത്തെ പഠനം. ഒരുവര്‍ഷമാവുമ്പോഴേക്കും കാഞ്ഞങ്ങാട്ടെ ഉദാരമതികളുടെ സഹായത്തോടെ സ്‌കൂളിന് സ്ഥല സൗകര്യവും കെട്ടിടവു ഒരുങ്ങി. അതെ വര്‍ഷം തന്നെയാണ് കാഞ്ഞങ്ങാട് മുസ്ലിം യത്തിംഖാനയും നിലവില്‍ വന്നത്. യത്തിംഖാനയുടെ ഭാരവാഹികളായിരുന്ന ഡോ. എംഎ അഹമ്മദിനും എം ബി മൂസക്കുമായിരുന്നു സ്‌കൂളിന്റെ നടത്തിപ്പ് ചുമതല. സ്‌കൂള്‍ നടത്തിപ്പിനുവേണ്ടി മുഹമ്മദ് ഇഖ്ബാല്‍ എജുക്കേഷണല്‍ ട്രസ്റ്റ് എന്നപേരില്‍ കമ്മിറ്റി ഉണ്ടാക്കി. ദാനമായി ലഭിച്ചതുള്‍പ്പെടെ മൂന്നര ഏക്കര്‍ സ്ഥലം ഡോ. അഹമ്മദിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരും മരണപ്പെട്ടതിനുശേഷം 2005 ല്‍ രൂപീകരിക്കപ്പെട്ട ട്രസ്റ്റില്‍ ഇരുവരുടെയും മക്കളായ അഷറഫും ബഷീറും ഡോക്ടര്‍ സഹോദരങ്ങളും അംഗങ്ങളായി. പൊതുജനങ്ങളില്‍ നിന്നും ഉദാരമതികളില്‍ നിന്നും സഹായം സ്വീകരിച്ചും പിരിവെടുത്തും നിലവില്‍ വന്ന സ്ഥാപനം പുതിയ ട്രസ്റ്റിമാര്‍ സ്വകാര്യ സ്വത്താക്കി മാറ്റിയതിനെതിരെ സമുദായത്തിനകത്തുനിന്നും പുറത്തുനിന്നും പ്രതിഷേധം കനത്തതോടെ 2020ല്‍ സ്‌കൂളും നടത്തിപ്പും സ്വത്തുക്കളും അനുബന്ധകെട്ടിടങ്ങളും പൂര്‍ണ്ണമായും യത്തിംഖാനക്ക് കൈമാറി 2020 ല്‍ വഖഫ് ആധാരം രജിസ്റ്റര്‍ ചെയ്തു. നാല്പതുകോടി മൂല്യമുള്ള വസ്തുക്കള്‍ യത്തീം ഖാനയ്ക്ക് ദാനം നല്‍കിയെന്ന് പ്രമുഖ മലയാള പത്രത്തില്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. ആധാരം രജിസ്റ്റര്‍ ചെയ്തു നല്‍കിയതല്ലാതെ 2024 വരെ സ്‌കൂളിന്റെ നടത്തിപ്പോ വരുമാനമോ ഒന്നും യത്തീംഖാനയ്ക്ക് ലഭിച്ചില്ല. 2024 സെപ്തംബര്‍ 1 ന് നടന്ന യത്തിംഖാന ജനറല്‍ ബോഡിയോഗം പ്രക്ഷുബ്ദമാവുകയും നിലവിലുള്ള ഭാരവാഹികള്‍ മുഴുക്കെ പുറത്തായി പുതിയ കമ്മിറ്റി നിലവില്‍ വരുകയും ചെയ്തു. സ്‌കൂള്‍ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും ലഭ്യമാക്കാന്‍ പുതിയ കമ്മിറ്റി നീക്കം തുടങ്ങിയതോടെ 2024 ഒക്ടോബറില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത വഖഫ് ആധാരം തിരുത്തി എംബി അഷറഫും മറ്റു ഡയറക്ടര്‍മാരും ചേര്‍ന്ന് ഹോസ്ദുര്‍ഗ് സബ് രജിസ്റ്റാര്‍ ഓഫീസില്‍ ഭേദഗതി ആധാരം രജിസ്റ്റര്‍ ചെയ്തു. യത്തിംഖാന കമ്മിറ്റി അറിയാതെ യത്തിംഖായുടെ പേരില്‍ ഏതാണ്ട് ആറുലക്ഷത്തോളം രൂപയുടെ റവന്യൂ സ്റ്റാമ്പ് പേപ്പര്‍ വാങ്ങിയാണ് ഭേദഗതി ആധാരം രജിസ്റ്റര്‍ ചെയ്തത്. വ്യാജ രേഖകള്‍ സംമ്പാദിച്ച് ആധാരം ഭേദഗതി ചെയ്യാന്‍ അന്നത്തെ വഖഫ് ബോര്‍ഡ് അധികൃതരും പ്രതിള്‍ക്ക് ഒത്താശ നല്‍കി. സ്‌കൂള്‍ നിയമനങ്ങളില്‍ അടക്കം ലഭിച്ച ഏഴു കോടിയിലേറെ രൂപ തട്ടിയെടുത്തതുള്‍പ്പെടെയുള്ള യത്തിംഖാനയുടെ പരാതിയിലാണ് അഷറഫിനും കൂട്ടു പ്രതികള്‍ക്കുമെതിരെ കേസെടുത്തത്.

 

error: Content is protected !!