local news

പെരിയ ഓം ശ്രീ മഠം ശ്രീശൈലം ദേവീക്ഷേത്രം അത്യപൂര്‍വ്വ യാഗ വേദിയാകുന്നു

പെരിയ: പെരിയ ശ്രീശൈലം ദേവീക്ഷേത്രത്തില്‍ 2027 മെയ് 7 മുതല്‍ 14 വരെ പ്രപഞ്ച പ്രകൃതി ശ്രീചക്ര മഹായാഗം നടക്കും. യാഗത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നവംബര്‍ 15-ന് രാവിലെ 10 മണിക്ക് ശ്രീശൈലം ക്ഷേത്രത്തില്‍ വെച്ച് നടക്കും. കലിയുഗത്തില്‍ പ്രപഞ്ച പ്രകൃതി ചൈതന്യ വര്‍ദ്ധനവിനും, തദ്വാരാ മാനവരാശിയുടെ മനോ-ചിന്ത-കര്‍മ്മ ശക്തി ചൈതന്യ പ്രചോദനത്തിനും വേണ്ടി, അദ്വൈത സിദ്ധാന്തം – ശ്രീവിദ്യാ സമ്പ്രദായം – ഋഷിപരമ്പര അനുസരിച്ച്, സനാതന ധര്‍മ്മ സംരക്ഷണാര്‍ത്ഥം സ്ഥാപിതമായ ഓം ശ്രീമഠത്തിന്റെ മൂലക്ഷേത്രമായ പെരിയ ദേവീക്ഷേത്രത്തിലാണ് യാഗം. ഓം ശ്രീമഠത്തിലെ സ്വാമിജിയും, അഖണ്ഡ ഭാരത സനാതന സന്ത് സമിതി ദേശീയ അധ്യക്ഷനും, പെരിയ ശ്രീശൈലം ദേവീക്ഷേത്രം തന്ത്രിയുമായ മഹാ മണ്ഡലേശ്വരര്‍ സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതി ഗുരുജിയുടെ ദിവ്യ സാന്നിധ്യത്തിലും ഉപദേശത്താലും, ഓം ശ്രീമഠം മഠാധിപതി മാതാ ശ്രീ ഓം ശ്രീ ശിവജ്ഞാന സരസ്വതി അമ്മയുടെ ദിവ്യ ഹസ്തങ്ങളാലാണ് യാഗം നടക്കുന്നത്.
പ്രധാന ഹോമകുണ്ഡത്തില്‍ 108 ശ്രീചക്ര നവാവരണ ഹോമങ്ങളും, 64 ഹോമകുണ്ഡങ്ങളില്‍ 64 ദമ്പതികള്‍ ലളിതാ സഹസ്രനാമാവലി ഹോമവും നടക്കും. ഭാരതത്തിലെ വ്യത്യസ്ത സമ്പ്രദായങ്ങളിലുള്ള ശ്രേഷ്ഠ ധര്‍മ്മാചാര്യന്മാര്‍ യാഗത്തില്‍ പങ്കെടുക്കും. കന്യാകുമാരിയില്‍ നിന്ന് മാര്‍ച്ച് 12-ന് ധ്വജ പ്രയാണം ആരംഭിക്കും. ഏപ്രില്‍ 17-ന് യാഗഭൂമിയില്‍ ധ്വജ സ്ഥാപനം നടക്കും. ഏപ്രില്‍ 30-ന് കുടജാദ്രിയില്‍ നിന്ന് ജ്യോതി പ്രയാണം ആരംഭിച്ച് മെയ് 2-ന് യാഗഭൂമിയില്‍ ജ്യോതി പ്രതിഷ്ഠ നടക്കും. മെയ് 14-ന് മഹായാഗ പൂര്‍ണ്ണാഹുതിയോടെ യാഗം സമാപിക്കും.
ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് യാഗം നടക്കുന്നത്. അരലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്. ക്ഷേത്രത്തില്‍ നടന്ന ലോഗോ പ്രകാശനം മഹാമണ്ഡലേശ്വര്‍ ഓം ശ്രീ വിദ്യാനന്ദ സരസ്വതി രാമചന്ദ്രന്‍ കാരണവര്‍ കൊളത്തൂരിന് നല്‍കി നിര്‍വഹിച്ചു. ക്ഷേത്രത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അഖണ്ഡ ഭാരത സനാതന സന്ത് സമിതി ദേശീയ അധ്യക്ഷനും ശ്രീശൈലം ദേവീക്ഷേത്ര തന്ത്രിയുമായ മഹാമണ്ഡലേശ്വര്‍ ഓം ശ്രീ വിദ്യാനന്ദ സരസ്വതി കാര്യങ്ങള്‍ വിശദീകരിച്ചു. ഓം ശ്രീമഠം മഠാധിപതി മാതാശ്രീ ഓം ശ്രീ ശിവജ്ഞാന സരസ്വതി അമ്മ ഹോമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഫലശ്രുതിയെക്കുറിച്ചും വിശദമാക്കി. സേവാസമിതി അധ്യക്ഷന്‍ പി. മുരളീധരന്‍ നായര്‍, ഉപാധ്യക്ഷന്‍ കുഞ്ഞമ്പു നായര്‍, പി. ബാലചന്ദ്രന്‍ നായര്‍, സെക്രട്ടറി സി.പി. വേണുഗോപാലന്‍ നായര്‍, ട്രഷറര്‍ പി. നാരായണന്‍ നായര്‍ കിഴക്ക് വീട്, മാതൃസമിതി അധ്യക്ഷ സ്വര്‍ണലത ബാലചന്ദ്രന്‍, സെക്രട്ടറി പ്രസന്ന കൃഷ്ണന്‍, ട്രഷറര്‍ ജയശ്രീ പീതാംബരന്‍ നായര്‍, പി. രതീഷ്, മേലത്ത് കൃഷ്ണന്‍ നമ്പ്യാര്‍, തങ്കമണി കൃഷ്ണന്‍, രാധ കോട്ടയില്‍ തുടങ്ങി വിവിധ സേവാസമിതി, മാതൃസമിതി ഭാരവാഹികളും സംബന്ധിച്ചു.

 

error: Content is protected !!