ക്ഷേത്രഭരണം സര്‍ക്കാരില്‍ നിന്ന് മോചിപ്പിച്ച് ഭക്തരിലേക്ക് കൈമാറണം: സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതി
കാഞ്ഞങ്ങാട്: ക്ഷേത്രഭരണം സര്‍ക്കാരില്‍ നിന്ന് മോചിപ്പിച്ച് ഭക്തരിലേക്ക് കൈമാറണമെന്ന് അഖണ്ഡ ഭാരത സനാതന സന്ത് സമിതി ദേശീയ അധ്യക്ഷന്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതി ആവശ്യപ്പെട്ടു. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളില്‍ കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. പെരിയ ശ്രീശൈലം ദേവീക്ഷേത്രത്തില്‍ നടക്കുന്ന പ്രപഞ്ച പ്രകൃതി ശ്രീചക്ര മഹായാഗവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളില്‍ കാലഘട്ടത്തിനനുസരിച്ച് ഭേദഗതികള്‍ വരുത്താന്‍ തയ്യാറാവണം. പൂജാ-ഹോമാദികളില്‍ പ്രാവീണ്യമുള്ളവരെ ക്ഷേത്ര പൂജാരിമാരായി നിയമിക്കണം. തന്ത്ര വിദ്യയില്‍ പ്രാവീണ്യമുള്ളവരായിരിക്കണം തന്ത്രിമാര്‍.
പൂജകള്‍ക്ക് ജാതീയത മാനദണ്ഡമാക്കരുത്. ജന്മം കൊണ്ട് ബ്രാഹ്മണനല്ലാത്തവരും യോഗ്യതയുണ്ടെങ്കില്‍ പൂജാരിമാരായി നിയമിക്കണം. സ്ത്രീകളെയും വിധവകളെയും പൂജാരിമാരായി നിയമിക്കാന്‍ തയ്യാറാവണം.
മംഗള കാര്യങ്ങളില്‍ വിധവകളെ മാറ്റിനിര്‍ത്തുന്നത് ഒഴിവാക്കണം. പുല-ബാല-മരണാശൗചങ്ങളില് ആവശ്യമായ മാറ്റം വരുത്തണം. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് ശുദ്ധികലശം നടത്തുന്ന രീതി മാറ്റണം.
ക്ഷേത്രത്തിലെത്തുന്ന ഭക്തന്മാരെ ബഹുമാനത്തോടെ കാണുന്ന സംവിധാനം ഉണ്ടാവണം.

