local news

ടാക്‌സ് വെട്ടിച്ച് കേരളത്തില്‍ വന്ന കര്‍ണാടക ബസുകള്‍ പിടികൂടി

കാഞ്ഞങ്ങാട്: ടാക്‌സ് അടയ്ക്കാതെ കര്‍ണാടകയില്‍ നിന്ന് വിനോദ സഞ്ചാരികളുമായി കേരളത്തിലേക്ക് വന്ന അഞ്ച് ടൂറിസ്റ്റ് ബസുകള്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെ ബേക്കല്‍ കോട്ടയില്‍ വെച്ചാണ് വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. കേരളത്തിലേക്ക് പ്രവേശിക്കുന്ന കോണ്‍ട്രാക്ട് കാര്യേജുകള്‍ കേരളത്തില്‍ അടയ്‌ക്കേണ്ട ടാക്‌സ് ഓണ്‍ലൈനായി അടച്ച് മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ. ടാക്‌സ് അടയ്ക്കാത്തതിനാല്‍ വാഹനത്തിന്റെ പെര്‍മിറ്റും വാലിഡല്ലാതാകും. വാഹനം അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്കും വാഹനത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ പോലും ലഭിക്കില്ല. ടാക്‌സ് അടയ്ക്കാത്ത അഞ്ച് കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനങ്ങളാണ് പിടിച്ചെടുത്തത്. ടാക്‌സും പിഴയും അടക്കം 8,57,500 രൂപ അടച്ചതിനു ശേഷമാണ് വാഹനങ്ങള്‍ വിട്ടുനല്‍കിയത്.
എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ.എ. രാജുവിന്റെ നിര്‍ദ്ദേശപ്രകാരം എം.വി.ഐ കെ. ദിനേശന്‍, എ.എം.വി.ഐ ഇ.പി. ഹാരിസ്, ഡ്രൈവര്‍ കെ. മനോജ് കുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
മണ്ഡലകാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

 

error: Content is protected !!