local news

മടിയനിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: പൊതുജനാരോഗ്യ സംരക്ഷണവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ സേഫ് ബൈറ്റിന്റെ ഭാഗമായി മടിയന്‍ മേഖലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന നടത്തി. പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷ്യസാധനങ്ങള്‍ കണ്ടെത്തി പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷണശാലകളിലെ ശുചിത്വനിലവാരം, ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതമായ സംഭരണരീതി, ഭക്ഷണം തയ്യാറാക്കുന്ന സാഹചര്യം, ജീവനക്കാരുടെ ആരോഗ്യസുരക്ഷ, കുടിവെള്ളത്തിന്റെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങള്‍ പരിശോധനാ സംഘം വിശദമായി വിലയിരുത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. അനില്‍കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു ബാലുശ്ശേരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഗോപകുമാര്‍, ബി. സുബന്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായ ബി.രാഖി, കെ വി . ലിനിഷ , ഓഫീസ് സ്റ്റാഫ് രാജു എന്നിവര്‍ പരിശോധനയില്‍ പങ്കാളികളായി. ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണമെന്നും, സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന കുടിവെള്ളം പരിശോധിച്ചതിന്റെ രേഖകള്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ആവശ്യമായ രേഖകളില്ലാതെയും ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഭക്ഷ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും, പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള ഭക്ഷ്യവിതരണവും ശുചിത്വവീഴ്ചകളും അനുവദിക്കില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമായി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

 

error: Content is protected !!