local news

കാഞ്ഞങ്ങാടിനോടുള്ള റെയില്‍വേ അവഗണന: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൂടിയാലോചന യോഗം 18-ന്

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ പ്രധാന നഗരവും വ്യാപാര-വാണിജ്യ കേന്ദ്രവുമായ കാഞ്ഞങ്ങാടിനോട് റെയില്‍വേ അധികൃതര്‍ വര്‍ഷങ്ങളായി തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കൂടിയാലോചന യോഗം വിളിച്ചുചേര്‍ക്കുന്നു.
നവംബര്‍ 18-ന് വൈകിട്ട് 3.30-ന് കാഞ്ഞങ്ങാട് വ്യാപാരഭവനിലാണ് യോഗം.
കാഞ്ഞങ്ങാട് നഗരത്തിന്റെ വികസനത്തിനും വ്യാപാര-വാണിജ്യ മേഖലയിലെ പുരോഗതിക്കും യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും റെയില്‍വേയുടെ ഭാഗത്തുനിന്ന് അടിയന്തരമായ ഇടപെടലുകള്‍ അനിവാര്യമാണ്. നഗരത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും, കാഞ്ഞങ്ങാടിന്റെ വികസനത്തിന് ആവശ്യമായ റെയില്‍വേ സൗകര്യങ്ങള്‍ നേടിയെടുക്കുന്നതിനും, രാഷ്ട്രീയ-സാമൂഹിക വ്യത്യാസങ്ങള്‍ക്കതീതമായി ഒറ്റക്കെട്ടായി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് രൂപം നല്‍കുന്നതിനുമാണ് യോഗം. ഇത് വ്യാപാരികളുടെ മാത്രം വിഷയമല്ല; കാഞ്ഞങ്ങാടിന്റെ പൊതുവായ വികസനത്തിന്റെയും ജനങ്ങളുടെ യാത്രാസൗകര്യങ്ങളുടെയും വിഷയമാണ്. അതുകൊണ്ടുതന്നെ കാഞ്ഞങ്ങാടിന്റെ വികസനത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരുടെയും സാന്നിധ്യവും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ. ആസിഫ് അറിയിച്ചു.

 

error: Content is protected !!