അതിര്‍ത്തിയുടെ അതിജീവനം: എയിംസ് പട്ടികയില്‍ കാസര്‍കോടിന് ഇരട്ടി കരുത്ത്; മാനദണ്ഡങ്ങളില്‍ കയ്യൂര്‍-ചീമേനിയും പെരിയയും ബഹുദൂരം മുന്നില്‍

കാഞ്ഞങ്ങാട്: കേരളത്തിന് അനുവദിക്കുന്ന എയിംസിനായുള്ള (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) കേന്ദ്ര സര്‍ക്കാരിന്റെ ‘ചലഞ്ച് മെത്തേഡ്’ (ഗ്രീന്‍ഫീല്‍ഡ് എയിംസ് ചലഞ്ച്) പ്രകാരം സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ഒന്‍പത് സ്ഥലങ്ങളുടെ ഔദ്യോഗിക പട്ടിക പുറത്തുവന്നപ്പോള്‍ കാസര്‍കോട് ജില്ലയ്ക്ക് ഇരട്ടി സാധ്യത. ജില്ലയില്‍ നിന്ന് പെരിയ, കയ്യൂര്‍-ചീമേനി എന്നീ രണ്ട് പ്രൊപ്പോസലുകളാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളെ അപേക്ഷിച്ച്, കേന്ദ്രത്തിന്റെ 100 മാര്‍ക്കിന്റെ സ്‌കോറിംഗ് സിസ്റ്റത്തില്‍ കാസര്‍കോട് ബഹുദൂരം മുന്നിലെത്തുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടാല്‍ ഒന്‍പത് സ്ഥലങ്ങളുടെ പട്ടികയില്‍ ഒന്നാമതായി കാസര്‍കോടിന് എയിംസ് യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ജനങ്ങളും ജനപ്രതിനിധികളും.

ഭൂമിയുടെ ലഭ്യതയ്ക്ക് കേന്ദ്രം നല്‍കുന്ന 20 മാര്‍ക്കില്‍ കാസര്‍കോടിന് പൂര്‍ണ്ണ സ്‌കോര്‍ നേടാനാകും എന്നതാണ് ജില്ലയുടെ ഏറ്റവും വലിയ അനുകൂല ഘടകം. ചീമേനി പ്ലാന്റേഷന്‍ പരിസരത്തും പെരിയയിലുമായി ആയിരക്കണക്കിന് ഏക്കര്‍ തര്‍ക്കരഹിതമായ സര്‍ക്കാര്‍ റവന്യൂ ഭൂമി ഉടനടി ലഭ്യമാണ്. വൈക്കം, ചാലക്കുടി, പിറവം പോലുള്ള ജനസാന്ദ്രതയേറിയ മറ്റ് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ വന്‍തോതില്‍ ഭൂമി ഏറ്റെടുക്കല്‍ (ലാന്‍ഡ് അക്വിസിഷന്‍) നടപടികള്‍ ആവശ്യമായി വരുമ്പോള്‍, അത് കോടിക്കണക്കിന് രൂപയുടെ അധികച്ചെലവിനും വര്‍ഷങ്ങളുടെ നിയമക്കുരുക്കുകള്‍ക്കും കാരണമാകും. എന്നാല്‍ കാസര്‍കോട്ടെ നിര്‍ദ്ദിഷ്ട മേഖലകളില്‍ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ ഉടനടി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കും.
നീലേശ്വരം നഗരവുമായും എല്ലാ പ്രധാന ട്രെയിനുകള്‍ക്കും സ്റ്റോപ്പുള്ള നീലേശ്വരം റെയില്‍വേ സ്റ്റേഷനുമായും ഏറ്റവും അടുത്ത് കിടക്കുന്ന പ്രദേശമാണ് കയ്യൂര്‍ എന്നത് ഈ പ്രൊപ്പോസലിന്റെ സാധ്യതകള്‍ക്ക് ഇരട്ടി തിളക്കം നല്‍കുന്നു. കയ്യൂരില്‍ എയിംസ് യാഥാര്‍ത്ഥ്യമാക്കിയാല്‍ ചികിത്സാ സൗകര്യങ്ങള്‍ക്കായി ഏറെ ബുദ്ധിമുട്ടുന്ന മലയോര മേഖലയിലുള്ള അഞ്ചോളം പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് അത് വലിയൊരു അനുഗ്രഹമായി മാറും. ഒരു വന്‍കിട മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ആവശ്യമായ ലക്ഷക്കണക്കിന് ലിറ്റര്‍ ജലം തടസ്സമില്ലാതെ ശേഖരിക്കാന്‍ സമീപത്തുകൂടി ഒഴുകുന്ന തേജസ്വിനി പുഴയിലെ സമൃദ്ധമായ ജലസ്രോതസ്സ് വഴി സാധിക്കും. ചീമേനിയിലെ വലിയ സോളാര്‍ പവര്‍ പാര്‍ക്ക് വഴി എയിംസിന് ആവശ്യമായ ഗ്രീന്‍ എനര്‍ജിയും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യതയും ഉറപ്പാക്കാന്‍ സാധിക്കുമെന്നത് പദ്ധതിയുടെ അന്താരാഷ്ട്ര നിലവാരത്തിന് അടിവരയിടുന്നു.
തൃതീയ ആരോഗ്യ സേവനങ്ങളുടെ കുറവുള്ള പ്രദേശങ്ങള്‍ക്ക് നല്‍കുന്ന 15 മാര്‍ക്കും കാസര്‍കോടിന് മാത്രം അവകാശപ്പെട്ടതാണ്. നിലവില്‍ സംസ്ഥാനത്ത് മികച്ചൊരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യമില്ലാത്ത ഏക ജില്ല കാസര്‍കോടാണ്. ചികിത്സയ്ക്കായി വലിയൊരു ജനവിഭാഗം മംഗളൂരുവിനെ ആശ്രയിക്കുന്നതുവഴി സംസ്ഥാനത്തിനുണ്ടാകുന്ന വന്‍തോതിലുള്ള ‘ഹെല്‍ത്ത് ഡ്രെയിന്‍’ തടയാന്‍ കാസര്‍കോട് എയിംസ് വരുന്നതോടെ സാധിക്കും. അയല്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് (കുടക്, ദക്ഷിണ കന്നഡ) കൂടി പ്രയോജനപ്പെടുന്ന ഒരു അന്തര്‍സംസ്ഥാന ഹെല്‍ത്ത് ഹബ്ബായി (ഇന്റര്‍-സ്റ്റേറ്റ് ക്യാച്ച്‌മെന്റ് ഏരിയ) മാറാനും ജില്ലയ്ക്ക് ഭൂമിശാസ്ത്രപരമായ മേന്മയുണ്ട്. പെരിയയിലുള്ള കേരള കേന്ദ്ര സര്‍വകലാശാലയുടെ (സി.യു.കെ) സാമീപ്യം എയിംസിന് ആവശ്യമായ ഉയര്‍ന്ന അക്കാദമിക്-വിദ്യാഭ്യാസ അന്തരീക്ഷവും (10 മാര്‍ക്ക്) ഉറപ്പുനല്‍കുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ഇവിടെയൊരു കേന്ദ്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്ന മുന്‍ സുപ്രീം കോടതി നിര്‍ദ്ദേശങ്ങളും, അതിര്‍ത്തി ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന കേന്ദ്ര നയവും കാസര്‍കോടിന്റെ അവകാശവാദങ്ങള്‍ക്ക് കരുത്തുപകരുന്നതാണ്. കോവിഡ് കാലത്ത് കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ശരിയായ വൈദ്യസഹായത്ത് കൃത്യസമയത്ത് ലഭിക്കാതെ അതിര്‍ത്തിയില്‍ 15 ഓളം നിരപരാധികളായ മനുഷ്യ ജീവനുകള്‍ പൊലിഞ്ഞ സംഭവം ദേശീയ ആരോഗ്യ അടിയന്തരാവസ്ഥകളില്‍ ജില്ല എത്രത്തോളം സുരക്ഷിതമല്ലെന്നതിന്റെ (വള്‍നറബിള്‍) ശക്തമായ ഡോക്യുമെന്റഡ് തെളിവായി പ്രൊപ്പോസലില്‍ ചൂണ്ടിക്കാണിക്കുന്നു. വികസന മുരടിപ്പില്‍ പിന്നാക്കം നില്‍ക്കുന്ന ഒരു അതിര്‍ത്തി ജില്ലയ്ക്ക് ലഭിക്കേണ്ട ചരിത്രപരമായ നീതി കൂടിയാണ് ഈ എയിംസ്.

 

error: Content is protected !!