പയ്യന്നൂര്‍: ലഹരി വേട്ടക്കെതിരെയുള്ള ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പയ്യന്നൂര്‍ പോലീസും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് ജ്യോതിഷാലയത്തില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി ജ്യോതിഷിയെ പിടികൂടി കേസെടുത്തു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ജ്യോതിഷാലയം നടത്തുന്ന കാങ്കോല്‍ വടശ്ശേരിയിലെ പി. ശ്രീനാഥിനെ (40) യാണ് പയ്യന്നൂര്‍ എസ്. ഐ. പി. വി. അനുശ്രീയും സംഘവും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ജ്യോതിഷാലയത്തില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകുന്നേരമായിരുന്നു റെയ്ഡ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമര്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാവ് പോലീസ് സംഘം കണ്ടെത്തിയത്. കഞ്ചാവ് കസ്റ്റഡിയിലെടുത്ത പോലീസ് പ്രതിക്കെതിരെ കേസെടുത്തു. പോലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഏ. ജി. അബ്ദുല്‍ ജബ്ബാര്‍, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിശാന്ത്, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.
