കേരളത്തിലെ ഹിന്ദി കവി ഡോ. ആനന്ദകൃഷ്ണന്‍ എടച്ചേരിക്ക് അംബേദ്കര്‍ കീര്‍ത്തി പുരസ്‌കാരം

കാഞ്ഞങ്ങാട്: അഖില്‍ ഭാരതീയ കബീര്‍ മഠം, സദ്ഗുരു കബീര്‍ ആശ്രമം സേവാ സന്‍സ്ഥാന്‍ (ബഡി ഖാട്ടു), ഡോ. അംബേദ്കര്‍ പ്രതിമ അനാവരണ സേവാ സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഏപ്രില്‍ 14ന് രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലുള്ള രോഹിണിയില്‍ സംഘടിപ്പിക്കുന്ന ഡോ. ബി.ആര്‍. അംബേദ്കറുടെ 135ാം ജന്മദിനാഘോഷ ചടങ്ങില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള പ്രമുഖ ഹിന്ദി കവി ഡോ. ആനന്ദകൃഷ്ണന്‍ എടച്ചേരിക്ക് പുരസ്‌കാരം നല്‍കും. വിദ്യാഭ്യാസം, സംസ്‌കാരം, സാഹിത്യം, ഹിന്ദി പ്രചാരണം എന്നീ മേഖലകളില്‍ അദ്ദേഹം നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ‘ഡോ. അംബേദ്കര്‍ കീര്‍ത്തി പുരസ്‌കാരം 2026′ നല്‍കി അദ്ദേഹത്തെ ആദരിക്കുന്നത്. കബീര്‍ ആശ്രമം സ്ഥാപകനും ദേശീയ അധ്യക്ഷനുമായ മഹന്ത് ഡോ. നാനക് ദാസ് ജി മഹാരാജിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന ചടങ്ങില്‍ നാഗൗര്‍ എം.എല്‍.എ ഹരേന്ദ്ര മിര്‍ധ മുഖ്യാതിഥിയായിരിക്കും. ലണ്ടന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റ് സി.ഇ.ഒ പ്രൊഫ. ഡോ. പരിന്‍ സോമാനി, മുന്‍ സംസ്ഥാന മന്ത്രി ഡോ. മഞ്ജു മേഘ്‌വാള്‍, പത്മശ്രീ ഹിമ്മതാറാം ഭാംഭു, നാഗൗര്‍ ജില്ലാ കളക്ടര്‍ ഡോ. അമിത് യാദവ്, രോഹിണി ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ മഹേഷ് ചന്ദ്ര ശര്‍മ്മ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. ബാബാ സാഹിബ് അംബേദ്കറുടെ 135ാം ജന്മദിനാഘോഷത്തോടൊപ്പം രോഹിണിയില്‍ അദ്ദേഹത്തിന്റെ ഭീമാകാരമായ പ്രതിമയുടെ അനാവരണവും അന്നേ ദിവസം നടക്കും.കവി എന്നതിലുപരി മികച്ച പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനും ഹിന്ദി പ്രചാരകനുമാണ് ഡോ.ആനന്ദകൃഷ്ണന്‍ എടച്ചേരി.’പരഗ്രഹി’, ‘മഹാത്മാഗാന്ധി’, ‘തിരിച്ചറിവ്’, ‘ഹൃദയ് കി ഉദ്ഗാര്‍’, ആവാസ് ദില്‍ കീ, ബദല്‍തേ സമാജ് , ശബ്ദ് ബോല്‍തേ ഹേ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ഉത്തരേന്ത്യയിലെ നാല്‍പതിലധികം സംയുക്ത ഹിന്ദി കവിതാ സമാഹാരങ്ങളില്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ജീവന്‍ സാഥി’എന്ന പുതിയ കവിതാസമാഹാരം ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്. സപര്യ സാംസ്‌കാരിക സമിതിയുടെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായ ഇദ്ദേഹത്തിന് തുഞ്ചന്‍ കവിതാ പുരസ്‌കാരം, ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്‌കാരം, കബീര്‍ കോഹിനൂര്‍ ദേശീയ സാഹിത്യ വിവര്‍ത്തന പുരസ്‌കാരം, മഹാകവി തുളസി സമ്മാന്‍ , മഹാദേവി വര്‍മ്മ പുരസ്‌കാരം, ഹിന്ദി കീര്‍ത്തി അവാര്‍ഡ്, ആധുനിക് നിരാല സമ്മാന്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

error: Content is protected !!