ജീവിതമെന്ന പൊന്നാടയണിഞ്ഞ മൊയ്തു

സന്തോഷ് ഒഴിഞ്ഞ വളപ്പ്

 

കാഞ്ഞങ്ങാട്: വേനലിന്റെ വെള്ളവിരിപ്പില്‍ കത്തിയെരിയുന്ന ബസ്റ്റാന്റുകളില്‍, ഒരു ബസില്‍ നിന്ന് മറ്റൊരു ബസിലേക്ക് തിളങ്ങുന്ന മാലകളും സേഫ്റ്റി പിന്നും വായുഗുളികയും കൂറമിഠായിയും തൂക്കി ഓടുന്ന ആ മനുഷ്യനെ നമ്മളില്‍ പലരും കണ്ടിട്ടുണ്ടാകും. ആ ചിരി പരിചിതമാണ്.
അത് കാഞ്ഞങ്ങാട്ടുകാരുടെ സ്വന്തം മൊയ്തുക്കയാണ്.
ചേലക്കര സ്വദേശിയായ മൊയ്തു നീലേശ്വരത്ത് വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയിട്ട് 42 വര്‍ഷമായി. നീലേശ്വരം, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ ബസ്റ്റാന്റുകളാണ് അദ്ദേഹത്തിന്റെ തൊഴിലിടം. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഒരു മുടക്കവുമില്ലാതെ, അതേ ചിരിയോടെ, അതേ തൊഴില്‍ സംതൃപ്തിയോടെ.
സ്വന്തം കുടുംബത്തെ പ്രാരാബ്ധങ്ങളില്‍ നിന്ന് കരകയറ്റാന്‍ അദ്ദേഹം തിരഞ്ഞെടുത്ത വേഷമാണിത്. കയ്യില്‍ തൂക്കിയ സാധനങ്ങള്‍ വെറും കച്ചവടച്ചരക്കുകളല്ല, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പൊന്നാടയാണ്. അവശരായ യാത്രക്കാരെ കൈപിടിച്ച് ബസില്‍ കയറ്റുന്നതും, യാത്രികര്‍ക്ക് വഴികാട്ടിയാകുന്നതും, ഒരു ചെറുചിരി കൊണ്ട് സൗഹൃദം കൂട്ടുന്നതും ആ തൊഴിലിന്റെ ഭാഗമാണ്.
കൂറയും പാറ്റയും ദേശവിരുദ്ധതയുടെ പേരില്‍ രാജ്യതലസ്ഥാനത്ത് ചര്‍ച്ചയാകുമ്പോള്‍, യഥാര്‍ത്ഥ കൂറകളും പാറ്റകളും ആര്‍ക്കും ശല്യമാകരുതെന്ന് പറയാതെ പറഞ്ഞ് ജീവിതത്തോട് പൊരുതുന്ന സാധാരണ മനുഷ്യനാണ് മൊയ്തു.
വലിയ സമ്പാദ്യമോഹങ്ങളോ അത്യാഗ്രഹങ്ങളോ ഇല്ല. കിട്ടുന്നതില്‍ സംതൃപ്തനാകുക എന്നതാണ് അദ്ദേഹത്തിന്റെ തത്വം. ആ തൃപ്തിയില്‍ നിന്നാണ് അദ്ദേഹം മക്കളെ നല്ല നിലയില്‍ വളര്‍ത്തി വലുതാക്കിയത്. ഒരു കുടുംബനാഥന്‍ എന്ന നിലയിലെ വിജയഗാഥ കൂടിയാണത്.
എന്ത് കിട്ടും എന്നതിലല്ല, കിട്ടുന്നതില്‍ സംതൃപ്തനാകുന്നതിലാണ് ജീവിത വിജയമെന്ന് മൊയ്തുക്കയുടെ കൂറഗുളികകളില്‍ എഴുതി വെച്ചിട്ടുണ്ട്. മഹാത്മജി പറഞ്ഞതുപോലെ, ഏത് തൊഴിലിനും മഹത്വമുണ്ട് എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഈ ചേലക്കരക്കാരന്‍.
ലഹരിയുടെ മുഷിഞ്ഞ വേഷങ്ങളല്ല, അധ്വാനത്തിന്റെ സുഗന്ധമുള്ള പൊന്നാടയാണ് ജീവിതത്തിന് ചാര്‍ത്തേണ്ടതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് നമ്മുടെ സ്വന്തം മൊയ്തുക്ക.

 

error: Content is protected !!