ചാമുണ്ഡിക്കുന്ന് ശില്പി കലാകായിക കേന്ദ്രം, ബാലസംഘം ചാമുണ്ഡികുന്ന് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു; സമാപന സമ്മേളനം അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: പൂവിളിയും പൂക്കളുമായി ഓര്‍മ്മകളില്‍ നനവ് പകര്‍ത്തി വന്നെത്തിയ പൊന്നോണക്കാലത്ത് ശിഥിലമായിക്കൊണ്ടിരിക്കുന്ന ഗ്രാമ കാഴ്ചകളില്‍ നിന്നും ഒത്തുചേരലിന്റെയും കൂട്ടായ്മയുടെയും ഓര്‍മ്മ പുതുക്കിക്കൊണ്ട് ശില്പി കലാകായിക കേന്ദ്രം വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷം 2026 എന്ന പേരില്‍ നടന്ന പരിപാടിയില്‍ വിവിധ കലാകായിക മത്സരങ്ങളും ക്വിസ് മത്സരങ്ങളും നടന്നു. വൈകിട്ട് ബാലസംഘം ചാമുണ്ഡി കുന്ന് യൂണിറ്റിലെ കലാകാരികള്‍ അവതരിപ്പിച്ച കൈകൊട്ടിക്കളി ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം അ ജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് അനൂപ് മീത്തല്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി,
പ്ലസ് ടു, ഡിഗ്രി, എല്‍.എസ്.എസ്, യു.എസ്.എസ് തുടങ്ങി വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിജയികള്‍ക്കുള്ള അനുമോദനവും പഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി നിര്‍വഹിച്ചു. സി.പി.ഐ.എം ചിത്താരി ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് കുഞ്ഞി, ഡി.വൈ.എഫ്.ഐ ചിത്താരി മേഖല സെക്രട്ടറി കെ.അനീഷ്, വിഷ്ണുചാമുണ്ടേശ്വരി ദേവസ്ഥാനം സെക്രട്ടറി ദിനേശന്‍ താനത്തിങ്കാല്‍, മാതൃസമിതി കണ്‍വീനര്‍ ശാലിനി എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി രാജേഷ് ചാമുണ്ഡികുന്ന് സ്വാഗതവും ട്രഷറര്‍ സുജിത്ത് കുഞ്ഞമ്പു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ലബ്ബ് പ്രവര്‍ത്തകരുടെ വര്‍ണ്ണ മനോഹരമായ കലാസന്ധ്യയും അരങ്ങേറി.

 

 

error: Content is protected !!