സുമേഷ് കോറോത്തിന്റെ ‘പൊളിടെക്‌നിക് കഥകള്‍’ പ്രകാശനം ചെയ്തു.

കാഞ്ഞങ്ങാട്: സുമേഷ് കോറോത്തിന്റെ ‘പൊളിടെക്‌നിക് കഥകള്‍’ എന്ന ചെറുകഥാ സമാഹാരം കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജില്‍ നടന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ‘തിരികെ 2026’ല്‍ വെച്ച് നിത്യാനന്ദ വിദ്യാകേന്ദ്രം സെക്രട്ടറി നരസിംഹ ഷേണായി കോളേജ് പ്രിന്‍സിപ്പാള്‍ വിക്രമന്‍ പി യ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ അഞ്ഞൂറോളം ആളുകള്‍ പങ്കെടുത്തു. പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
അവതാരികയില്‍ സന്തോഷ് ഏച്ചിക്കാനം കുറിക്കുന്നു:

‘ജീവിതത്തിനകത്തെ നിശ്ശബ്ദതയില്‍ കൂടുവെച്ചിരിക്കുന്ന അതിസൂക്ഷ്മമായ മര്‍മ്മരങ്ങളെ വാക്കുകളിലേക്ക് ആവാഹിക്കുന്ന എഴുത്തുകാരനാണ് സുമേഷ് കോറോത്ത്. ചെറുകഥകളുടെയും മിനിക്കഥകളുടെയും ഇടയിലാണ് ഇതിന്റെ സ്ഥാനം. തേച്ചുമിനുക്കാത്ത യഥാതഥമായ കഥപറച്ചിലായതുകൊണ്ടുതന്നെ പറയുന്ന കാര്യങ്ങള്‍ ഒരു തുള്ളിപോലും ചോര്‍ന്നുപോകാത്തവണ്ണം ആസ്വാദനത്തിന്റെ സ്പര്‍ശിനികളിലേക്ക് എത്തിക്കാന്‍ ഈ എഴുത്തുകാരനുള്ള വൈഭവം ചെറുതല്ല. ‘അമ്പലക്കമ്മിറ്റി’ എന്ന കഥയില്‍ ദൈവത്തിനും ആത്മീയതയ്ക്കും മേല്‍ പണവും അധികാരവും ആധിപത്യം നേടുന്ന നടുക്കുന്ന യാഥാര്‍ഥ്യത്തിലേക്ക് കഥാകൃത്ത് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. ‘സ്വര്‍ഗ്ഗത്തിലെ കൂട്ടുകാര്‍’ എന്ന കഥയുടെ വരികള്‍ക്കിടയില്‍ പ്രത്യക്ഷത്തില്‍ കറുത്ത ഹാസ്യം തെളിഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും, വായന അവസാനിക്കുമ്പോള്‍ അനുവാചകന്‍ ഒരു വിങ്ങലിന്റെ വലയില്‍ പെട്ടുപോകുന്നു.’

ഗൂസ്‌ബെറി ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

 

error: Content is protected !!