രാവണേശ്വരത്ത് ഒരു ഏക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലി വിരിയിച്ച് പുരുഷ സ്വയം സഹായ സംഘംപ്രവര്‍ത്തകര്‍; ഉത്സവാന്തരീക്ഷത്തില്‍ വിളവെടുപ്പ് നടന്നു

കാഞ്ഞങ്ങാട്: രാവണേശ്വരം പുരുഷ സ്വയം സഹായ സംഘത്തിന് ഇത് ആഹ്ലാദ നിമിഷം. സംഘത്തിന്റെ കൂട്ടായ്മയില്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പിറക് വശത്തുള്ള ഒരേക്കര്‍ സ്ഥലത്ത് വിരിഞ്ഞു നില്‍ക്കുന്നത് മനോഹരമായ ചെണ്ടുമല്ലി പൂപ്പാടം. കാടുപിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടിത്തെളിച്ച് സംഘം പ്രവര്‍ത്തകര്‍ ഒരുക്കിയ ചെണ്ടുമല്ലി കൃഷിയിലാണ് നൂറുമേനി വിളവ് ലഭിച്ചിരിക്കുന്നത്. രാവണേശ്വരത്തെ കരിമ്പില്‍ കരുണാകരന്റെ കുടുംബമാണ് പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ക്ക് പൂ കൃഷി നടത്താന്‍ ആവശ്യമായ സ്ഥലം വിട്ടുകൊടുത്തത്. 1700 ഹൈബ്രിഡ് ചെണ്ടുമല്ലി തൈകള്‍ പൂ കൃഷിക്കാരനായ കരിന്തളം ജോസഫില്‍ നിന്നുമാണ് സംഘം പ്രവര്‍ത്തകര്‍ ശേഖരിച്ച് പൂകൃഷി ക്ക് തുടക്കമിട്ടത്. രാവണേശ്വരംപുരുഷ സ്വയം സഹായ സംഘം സെക്രട്ടറി എം.സുകേഷ്, പ്രസിഡന്റ് രവീന്ദ്രന്‍ കാപ്പില്‍ വളപ്പില്‍, അംഗങ്ങളായ കെ. ശശി രാവണേശ്വരം, ടി. അഭിലാഷ്, എന്‍. ശ്രീജിത്ത്,വി. നാരായണന്‍, കെ. വി. ബാലകൃഷ്ണന്‍, വി. ധനകേഷ്, വൈശാഖന്‍ ചെറുകര, ബി.ഉണ്ണികൃഷ്ണന്‍, വി. ബാലകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ 11 അംഗങ്ങളാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്. പൂ കൃഷിയില്‍ നിന്ന് ഏകദേശം 7 കിന്റല്‍ ഓളം വിളവ് ലഭിക്കുമെന്നാണ് സംഘം പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. വിളവെടുപ്പ് ദിവസം തന്നെ നിരവധി ആവശ്യക്കാര്‍ പൂന്തോട്ടത്തില്‍ പൂക്കള്‍ക്കായി എത്തിയത് സംഘം പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുര ശുശ്രൂഷ കേന്ദ്രങ്ങള്‍, വിവിധ ഗവണ്‍മെന്റ് വകുപ്പ് ഓഫീസുകള്‍, പൊതുജനങ്ങള്‍ എന്നിവരും പൂക്കള്‍ ക്കായി മുന്‍കൂട്ടി ആവശ്യമാറിയിച്ചി ട്ടുണ്ടെന്നും സംഘം പ്രവര്‍ത്തകര്‍ പറഞ്ഞു.അജാനൂര്‍ കൃഷിഭവനും പൂ കൃഷിക്കായി സംഘം പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഒപ്പം തന്നെ ഉണ്ടായിരുന്നു. രാവണേശ്വരം പുരുഷ സ്വയം സഹായ സംഘത്തിന്റെ പൂ കൃഷിയില്‍ നല്ല വിളവാണ് ലഭിച്ചിരിക്കുന്നത് എന്നും ഇത് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാണെന്നും കൃഷി ഓഫീസര്‍ സി. പ്രമോദ് കുമാര്‍ പറഞ്ഞു. നിരവധി ആളുകള്‍ പൂ കൃഷി ചെയ്യാനായി മുന്നോട്ടു വരുന്നുണ്ടെങ്കിലും പൂക്കള്‍ ലഭിക്കുന്നതിന് ആവശ്യമായ കാലയളവും ആവശ്യകതയും മനസ്സിലാക്കാതെ ചെയ്യുന്നതുകൊണ്ട് പലപ്രാപ്തിയില്‍ എത്തുന്നില്ലെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു. പൂക്കള്‍ വാങ്ങിക്കുന്നതിന് മാത്രമല്ല ഭംഗി ആസ്വദിക്കുന്നതിനും ഫോട്ടോ ഷൂട്ടിനുമായി നിരവധി പേരാണ് രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പിറകുവശത്തെചെണ്ടുമല്ലി പൂപ്പാടത്ത് എത്തുന്നത്. വിവിധ നിറങ്ങളിലുള്ള പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നതും ഒപ്പം വര്‍ണ്ണ ശലഭങ്ങളുടെ സഞ്ചാരവും പൂപ്പാടത്ത് എത്തുന്ന ഏവര്‍ക്കും നയനാനന്ദകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം നിര്‍വഹിച്ചു. പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് രവീന്ദ്രന്‍ കാപ്പില്‍ വളപ്പില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ. കെ. സോയ, ജില്ലാ പഞ്ചായത്ത് അംഗം കെ.സബീ ഷ്, പഞ്ചായത്ത് അംഗങ്ങളായ എ. തമ്പാന്‍,ദീപാ പ്രവീണ്‍,കൃഷി ഓഫീസര്‍ സി. പ്രമോദ് കുമാര്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി എം. സുകേഷ് സ്വാഗതം പറഞ്ഞു. പൊതു പ്രവര്‍ത്തകരും നാട്ടുകാരും, സ്‌കൂള്‍ അധികൃതരും അടക്കം നിരവധി പേരാണ് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉത്സവത്തില്‍ സംബന്ധിക്കാന്‍ എത്തിച്ചേര്‍ന്നത്.

 

error: Content is protected !!