local news

വിഘടനവാദ ശക്തികള്‍ക്ക് താക്കീതായി കാസര്‍കോട് ബി.ജെ.പി ജനാധിപത്യ സംരക്ഷണ പദയാത്ര; പതിനായിരങ്ങള്‍ അണിനിരന്നു

കാസര്‍കോട്: വിഘടനവാദ വിധ്വംസക ശക്തികള്‍ക്ക് താക്കീതായി ബി.ജെ.പി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ പദയാത്ര കാസര്‍കോടിന്റെ ചരിത്രത്തില്‍ അവിസ്മരണീയമായി. കുങ്കുമഹരിത പതാകയേന്തി പതിനായിരങ്ങളാണ് പദയാത്രയില്‍ അണിനിരന്നത്. വൈകിട്ട് 3 മണിക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, 3 മണിയോടെ തന്നെ ചന്ദ്രഗിരി ജംഗ്ഷന്‍ പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. 4 മണിയോടെ കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രിയും സിനിമാ നടനുമായ സുരേഷ് ഗോപി, ചാത്തന്നൂര്‍ എം.എല്‍.എ ബി.ബി. ഗോപകുമാര്‍, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് പ്രൊഫ. എം. നാഗരാജ് എം.പി തുടങ്ങിയ നേതാക്കള്‍ എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം വാനോളം ഉയര്‍ന്നു.
പഴയ ബസ് സ്റ്റാന്റ്, മല്ലികാര്‍ജുന ക്ഷേത്ര റോഡ് വഴിയാണ് പദയാത്ര കറന്തക്കാട്ട് എത്തിയത്. നൂറുകണക്കിന് ആളുകളാണ് റോഡിന്റെ ഇരുവശത്തും പദയാത്ര കാണാന്‍ തടിച്ചുകൂടിയത്. കറന്തക്കാട് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നേതാക്കളുടെ പ്രസംഗം ദേശീയഗാനത്തോടെ അവസാനിച്ചതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റും രാജ്യസഭാ എം.പിയുമായ പ്രൊഫ. എം. നാഗരാജ് പദയാത്ര ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി അധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ സെക്രട്ടറി ഡോ. എം. വെങ്കിടേശന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുമേഷ്, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ. വി.കെ. സജീവന്‍, ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, കണ്ണൂര്‍ മേഖല പ്രസിഡന്റ് എന്‍. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ്, വൈസ് പ്രസിഡന്റ് എം. വിജയകുമാര്‍ റായ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. കുമാരി അനന്യ വന്ദേമാതരം ആലപിച്ചു. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സുനില്‍ സ്വാഗതവും മനുലാല്‍ മേലത്ത് നന്ദിയും പറഞ്ഞു.

മോക്ക് പാര്‍ലമെന്റ് നടത്തി സ്വയം പരിഹാസ്യരായത് കോണ്‍ഗ്രസ്: പ്രൊഫ. എം. നാഗരാജ് എം.പി

മോക്ക് പാര്‍ലമെന്റ് സംഘടിപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുന്നുവെന്ന പ്രചാരണത്തിലൂടെ കോണ്‍ഗ്രസ് സ്വയം പരിഹാസ്യരായെന്നും, കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന പ്രവൃത്തിയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്നും പ്രൊഫ. എം. നാഗരാജ് എം.പി പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിലിടം നേടിയാല്‍ മാത്രമേ പ്രധാനമന്ത്രി പദവി കൈവരിക്കാനാകൂ എന്ന് രാഹുല്‍ ഗാന്ധി തിരിച്ചറിയണം. കഴിഞ്ഞ 25 വര്‍ഷത്തെ ഭരണത്തിലൂടെ ഒരു കറ പോലും പുരളാത്ത നരേന്ദ്ര മോദിയെയാണ് കോണ്‍ഗ്രസ് വ്യാജപ്രചരണങ്ങളിലൂടെ പുറത്താക്കാന്‍ നോക്കുന്നത്. ഒരു അഴിമതിയോ സ്വജനപക്ഷപാതമോ ഇല്ലാതെ, പ്രധാനമന്ത്രിയല്ല പ്രധാന ജനസേവകന്‍ എന്ന മനഃസ്ഥിതിയോടെ ഭരിക്കാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തികമായി ഏറ്റവും അപകട സ്ഥിതിയിലായിരുന്ന സാഹചര്യത്തില്‍ നിന്നാണ് കേവലം ഒരു പതിറ്റാണ്ട് കൊണ്ട് ഭാരതത്തെ അതിവേഗം വികസിപ്പിക്കുന്ന രാജ്യമാക്കി നരേന്ദ്ര മോദി വളര്‍ത്തിയത്. ഈ വികസനമാണ് രാഹുല്‍ ഗാന്ധിയെയും കൂട്ടരെയും അസ്വസ്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ജയിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം എസ്.ഐ.ആര്‍ ശരിയെന്ന് പറയുന്ന കോണ്‍ഗ്രസ്, കര്‍ണാടകയിലും കേരളത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പരാതി പറയുന്നില്ല. മറ്റിടങ്ങളില്‍ മാത്രം വോട്ടിംഗ് മെഷീനിനും എസ്.ഐ.ആറിനും പ്രശ്‌നമുണ്ടെന്നാണ് അവരുടെ വാദമെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറുന്നു: ബി.ബി. ഗോപകുമാര്‍ എം.എല്‍.എ

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ബി.ജെ.പിക്ക് അനുകൂലമായി മാറുകയാണെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ബി.ബി. ഗോപകുമാര്‍ പറഞ്ഞു. കേരള നിയമസഭയില്‍ വന്ദേമാതരം ആലപിച്ചുകൊണ്ടാണ് താന്‍ പ്രസംഗം തുടങ്ങിയതെന്നും, അന്ന് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ അതിനെ അംഗീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ മൂന്നില്‍ നിന്നാണ് ബി.ജെ.പി ഭരണം പിടിച്ചതെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പോടെ കേരളവും ബി.ജെ.പിക്ക് അനുകൂലമാകുമെന്നും, വന്ദേമാതരത്തെ എതിര്‍ത്തവര്‍ ചൊല്ലേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബംഗ്ലാദേശ് മോഡല്‍ അക്രമം നടത്തി ഭരണം പിടിക്കാമെന്നത് കോണ്‍ഗ്രസിന്റെ വ്യാമോഹം മാത്രമാണ്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും കര്‍ണാടകയിലും തെരഞ്ഞെടുപ്പ് നടന്നതെന്നും, ഇക്കാര്യത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ട വോട്ടും വ്യാജ വോട്ടര്‍മാരെയും വോട്ടര്‍ പട്ടികയില്‍ നിന്ന് മാറ്റിയ ചരിത്രം കേരളത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ താന്‍ ഹരിപ്പാട് ജയിച്ചത് അംഗീകരിക്കുന്നുണ്ടോ എന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയോട് അദ്ദേഹം ചോദിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചാലും നരേന്ദ്ര മോദി തന്നെ രാജ്യത്ത് വീണ്ടും അധികാരത്തില്‍ വരുമെന്നും ബി.ജെ.പിയുടെ ഭരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമായി കേരളം മാറി: എസ്. സുരേഷ്

രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന വിധ്വംസക ശക്തികളുടെ കേന്ദ്രമായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും മുസ്ലിം ലീഗും അടക്കമുള്ളവര്‍ ചേര്‍ന്ന് രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും, എന്നാല്‍ അതിനെതിരെ കേരളത്തിലെ ജനങ്ങളുടെ വികാരം ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് നടന്ന പദയാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നത് അതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്ദേമാതരം ഗാനം പാടുമ്പോള്‍ അതിനെ എതിര്‍ക്കുന്നവരുണ്ടെന്നും, ഈ രാജ്യത്ത് വന്ദേമാതരം ഉയര്‍ന്ന പ്രബോധനമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്നാലും നരേന്ദ്ര മോദി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് പോലും സംശയമില്ലെന്നും, അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ഭരണഘടനക്കും ജനാധിപത്യത്തിനുമെതിരെ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്നും, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുകളിലേക്ക് ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. 2047 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ഭാരതം മാറുമെന്നും, നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി ശുഭകരമാകുമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

 

error: Content is protected !!