കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ കാനായി ശില്‍പ്പങ്ങളുടെ സമര്‍പ്പണം നാളെ
അതിജീവനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രമേയങ്ങള്‍ ഉള്‍ക്കൊണ്ട് കാസര്‍കോട് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നിര്‍മ്മിച്ച പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ ശില്പസമുച്ചയത്തിന്റെ അനാച്ഛാദനവും അനുബന്ധ ചടങ്ങുകളും നവംബര്‍ 13 വെള്ളിയാഴ്ച രാവിലെ 9:30 ന് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടക്കും. കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങില്‍ ശില്പങ്ങളുടെ അനാച്ഛാദനവും ആദരിക്കലും നിര്‍വ്വഹിക്കും. കാസര്‍കോട് ജില്ലയുടെ കലാ സാംസ്‌കാരിക ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കുന്ന സുപ്രധാന ചടങ്ങാണിത്. ജില്ലാ പഞ്ചായത്തിന്റെ മുന്‍കാല പ്രസിഡന്റായിരുന്ന എം.വി. ബാലകൃഷ്ണന്‍ മാസ്റ്ററുടെ കാലത്താണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നാടായ കാസര്‍ഗോഡ് ജില്ലയില്‍ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ വിളിച്ചോതുന്ന ഒരു ശില്പസമുച്ചയം നിര്‍മ്മിക്കണമെന്ന ആശയം രൂപപ്പെടുന്നത്. തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ ആവശ്യപ്രകാരം രണ്ട് ശില്പങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. ആധുനിക ഇന്ത്യന്‍ ശില്പകലയുടെ ശക്തിയും സൗന്ദര്യവും വിളംബരം ചെയ്ത മഹാപ്രതിഭയാണ് കാനായി കുഞ്ഞിരാമന്‍. തലമുറകളോട് സംവദിച്ചു കൊണ്ട് കാനായി ശില്പങ്ങള്‍ സമയകാലങ്ങളെ അതിലംഘിക്കുന്നു. പുതിയതും സൂക്ഷ്മവുമായ വായനകള്‍ കൊണ്ട് അവ കൂടുതല്‍ കാലികമാകുകയും, ആശയത്തിലും ആകൃതിയിലും പുതിയ ഭാവുകത്വങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിലെ കരുത്തുറ്റ ഈടുവയ്പ്പുകളായ ഈ ശില്‍പങ്ങള്‍ നാടിന്റെ ചരിത്ര പരിണാമങ്ങളുടെ ചിരസ്മാരകങ്ങളായി നമ്മളോട് സംവദിച്ചുകൊണ്ടേയിരിക്കുന്നു. നിലവില്‍ ഈ ശില്‍പത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ള സാഹചര്യത്തിലാണ് ശില്പത്തിന്റെ അനാച്ഛാദന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ഈ ഉദ്യമത്തിലേക്ക് ഏവരുടെയും സാന്നിധ്യവും സഹകരണവും സ്‌നേഹപൂര്‍വ്വം പ്രതീക്ഷിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാമും സെക്രട്ടറി ബിജു എസും അറിയിച്ചു. ചടങ്ങില്‍ കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ. അധ്യക്ഷത വഹിക്കും. റിപ്പോര്‍ട്ട് അവതരണം ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു നിര്‍വ്വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി , എ.കെ.എം. അഷ്‌റഫ്, എം.എല്‍.എ, കെ. നീലകണ്ഠന്‍ എം.എല്‍.എ, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം.എല്‍.എ, സന്ദീപ് വാര്യര്‍ എം.എല്‍.എ,
ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഐ.എ.എസ്, . ജില്ല പൊലീസ് മേധാവി നിതിന്‍ രാജ്, ഐ.പി.എസ് മുഖ്യാതിഥികളാകും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുമാരി കെ കെ സോയ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍ ജില്ല പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

