മടിക്കൈയിലെ സിപിഎമ്മിന്റെ കരുത്ത് തകര്‍ക്കാനാവില്ല; പിണറായി
നീലേശ്വരം: രാജ്യത്തിന്റെ ഭരണാധികാരവും അതിലൂടെ ലഭിക്കുന്ന സാമ്പത്തിക ശക്തിയും ഉപയോഗിച്ച് മടിക്കൈയിലെ സിപിഎമ്മിന്റെ കരുത്ത് തകര്‍ക്കാമെന്ന ബിജെപിയുടെ ധാരണ വെറും വ്യാമോഹം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. മടിക്കൈയിലെ പാര്‍ട്ടിയുടെ കരുത്ത് പുറത്തുനിന്നുള്ള ശക്തികള്‍ക്ക് ഇളക്കാന്‍ കഴിയുന്നതല്ലെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് വൈകാതെ ഇക്കാര്യം ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മടിക്കൈ ചതുരക്കിണറില്‍ സിപിഎം സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മടിക്കൈയെക്കുറിച്ച് കൃത്യമായി അറിയാത്തതുകൊണ്ടാണ് ചിലര്‍ പാര്‍ട്ടിയുടെ കരുത്ത് തകര്‍ക്കാമെന്ന് കരുതുന്നത്. വിവിധ പ്രദേശങ്ങളില്‍നിന്ന് ആളുകളെ എത്തിച്ചാണ് ഇവിടെ ചിലര്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. എന്നാല്‍ പ്രദേശവാസികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നട്ടുച്ചനേരത്തും ഇത്രയധികം ജനങ്ങളെ അണിനിരത്താന്‍ സിപിഎമ്മിന് കഴിഞ്ഞു. വേണമെങ്കില്‍ ഇതിലും വലിയ ജനപങ്കാളിത്തത്തോടെ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ട്. അതുകൊണ്ട് വേണ്ടാതീനങ്ങള്ക്കൊന്നും മുതിരേണ്ടതില്ലെന്നും പിണറായി വിജയന് പറഞ്ഞു. ഞങ്ങള്‍ക്ക് എന്തും ആകാമെന്ന ധാരണയാണ് മനസ്സിലുള്ളതെങ്കില് അത് ഈ മണ്ണില്‍ നടപ്പാകാന്‍ പോകുന്നില്ല. മടിക്കൈയിലെ സിപിഎമ്മിനെ ഇല്ലാതാക്കാമെന്ന മോഹം ആരും മനസ്സില്‍ കൊണ്ടുനടക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി വിപുലമായ ജനകീയ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ മുന്നേറ്റത്തെ ആദ്യം കണ്ടില്ലെന്ന് നടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചത്. എന്നാല്‍ അതിന് കഴിയാതെ വന്നതോടെ സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളുണ്ടായി. അതും വിജയിച്ചില്ല. ഒരു ജന്തര്‍ മന്തര്‍ അടച്ചുപൂട്ടിയാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജന്തര്‍ മന്തറുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച ചതുരക്കിണറില്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തിന് മറുപടിയായാണ് സിപിഎം ഇന്ന് പൊതുയോഗം സംഘടിപ്പിച്ചത്. നട്ടുച്ചനേരത്തും വലിയ ജനപങ്കാളിത്തമാണ് യോഗത്തിലുണ്ടായത്. ജില്ല കമ്മിറ്റി അംഗം പി ബേബി അധ്യക്ഷയായി. ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക് സി തോമസ് മുഖ്യ പ്രഭാഷണം നടത്തി. സി പി ഐ എം ജില്ല സെക്രട്ടറി എം രാജ ഗോപാലന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എച്ച് കുഞ്ഞമ്പു, കെ പി സതീഷ്ചന്ദ്രന്, ജില്ല സെക്രട്ടറിയേറ്റംഗം വി വി രമേശന്, ജില്ല കമ്മിറ്റി അംഗങ്ങളായ വി കെ രാജന്, പി പി മുഹമ്മദ് റാഫി, മറ്റു നേതാക്കളായ പി കരുണാകരന്, അഡ്വ. കെ രാജ് മോഹന്‍, വി പ്രകാശന്, ഷാനവാസ് പാദൂര്‍, കെ വി കുമാരന്, കെ പി രവീന്ദ്രന്, മിനിമോള്‍ എന്നിവര്‍ പങ്കെടുത്തു. നീലേശ്വരം ഏരിയ സെക്രട്ടറി എം രാജന് സ്വാഗതം പറഞ്ഞു.

