ഉജ്ജ്വലബാല്യം പുരസ്‌കാരം: കാസര്‍കോടിന് അഭിമാനമായി മൂന്ന് കുട്ടികള്‍
കാസര്‍കോട്: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി സംഘടിപ്പിച്ച ഉജ്ജ്വലബാല്യം പുരസ്‌കാരം 2025-ല്‍ കാസര്‍കോട് ജില്ലയിലെ മൂന്ന് കുട്ടികള്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചു.
പൊതുവിഭാഗം (6-11 വയസ്സ്): എയ്ബല്‍ ജിന്‍സ്
വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാര്‍ഥിയായ എയ്ബല്‍ ജിന്‍സാണ് ഈ വിഭാഗത്തില്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. അസാധാരണമായ പ്രസംഗപാടവം, ചിത്രരചനയിലെ മികവ്, പരിസ്ഥിതി അവബോധം എന്നിവയുടെ അടിസ്ഥാനത്തില്‍ ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിലെ നിരവധി മത്സരങ്ങളില്‍ വിജയിക്കുകയും ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്ത നേട്ടമാണ് പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്.
പൊതുവിഭാഗം (12-18 വയസ്സ്): മുഹമ്മദ് ബിന്‍ മൊയ്തീന്‍
കുണിയ എമിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ബിന്‍ മൊയ്തീനാണ് ഈ വിഭാഗത്തില്‍ പുരസ്‌കാര ജേതാവ്. പഠനം, ശാസ്ത്രം, കല, കായികം തുടങ്ങിയ വിവിധ മേഖലകളില്‍ ഒരുപോലെ അസാമാന്യ കഴിവ് തെളിയിച്ച അക്കാദമിക മികവും സര്‍ഗാത്മകതയും ഒത്തുചേര്‍ന്ന വ്യക്തിത്വമാണ് ഇവനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ഭിന്നശേഷി വിഭാഗം (12-18 വയസ്സ്): മുസ്തഫ കെ.
കാസര്‍കോട് ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥിയായ കെ.മുസ്തഫ യാണ് ഈ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. കാഴ്ചപരിമിതി എന്ന വെല്ലുവിളിയെ ഇച്ഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും കരുത്തില്‍ അതിജീവിച്ച് ബൗദ്ധിക, കായിക, കലാ മേഖലകളില്‍ ഒരുപോലെ മികവ് തെളിയിച്ച നേട്ടമാണ് അംഗീകരിക്കപ്പെട്ടത്.
അതേസമയം ഭിന്നശേഷി വിഭാഗം (6-11 വയസ്സ്) വിഭാഗത്തില്‍ അപേക്ഷകളൊന്നും ലഭിച്ചിരുന്നില്ല.
കുട്ടികളുടെ സമഗ്ര വികസനത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരം, മികച്ച കഴിവുകളും മാതൃകാപരമായ നേട്ടങ്ങളും കൈവരിച്ച കുട്ടികളെ ആദരിക്കുന്നതിനുള്ള ശ്രദ്ധേയമായ അംഗീകാരമാണ്.

