local news

അജാനൂര്‍ പഞ്ചായത്തില്‍ വിജിലന്‍സ് റെയ്ഡ്; 64 ലക്ഷം രൂപ കാണാതായെന്ന പരാതിയില്‍ പരിശോധന

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തില്‍ വിജിലന്‍സ് റെയ്ഡ്. ഇന്ന് രാവിലെ ആരംഭിച്ച പരിശോധന ഉച്ചകഴിഞ്ഞും തുടരുകയാണ്. മുന്‍ ഭരണസമിതിയുടെ കാലത്തെ 64 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് പരിശോധന. തദ്ദേശ വകുപ്പിന്റെ ഇന്റേണല്‍ വിജിലന്‍സ് വിഭാഗമാണ് പരിശോധന നടത്തുന്നത്.
പഞ്ചായത്ത് അക്കൗണ്ടില്‍ കണക്കില്‍ കാണിക്കുന്ന 64 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ ഇല്ലെന്നാണ് പരാതി. കഴിഞ്ഞ ആഗസ്റ്റ് മാസം ചേര്‍ന്ന സാമ്പത്തിക വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് ഈ ഗുരുതരമായ പൊരുത്തക്കേട് പുറത്തുവന്നത്. പഞ്ചായത്തിന്റെ കണക്കുപുസ്തകത്തില്‍ 64 ലക്ഷം രൂപ ബാക്കിയുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ ഈ തുക അക്കൗണ്ടില്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇത് വെറുമൊരു കണക്കിലെ പിഴവല്ല, മറിച്ച് ആസൂത്രിതമായ തിരിമറിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപിച്ചിരുന്നു. പഞ്ചായത്ത് ഫണ്ടില്‍ നിന്ന് വലിയ തുക തട്ടിയെടുത്തതായി സംശയിക്കുന്നു. ഗുരുതരമായ കൃത്രിമം നടന്നിട്ടുണ്ടെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യം സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും അംഗങ്ങളും വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ആ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം. അതേസമയം പണം നഷ്ടപ്പെട്ടിട്ടില്ലെന്നും, സാങ്കേതികമായി രേഖപ്പെടുത്തിയതില്‍ വന്ന തെറ്റാണെന്നുമാണ് ഭരണസമിതി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവര്‍ പരാതിയുമായി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ധനകാര്യ വകുപ്പിലെ പഞ്ചായത്ത് മെമ്പര്‍മാരില്‍ നിന്നും വിജിലന്‍സ് ഇന്ന് മൊഴിയെടുക്കുന്നുണ്ട്. വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

 

error: Content is protected !!