local news

ബെംഗളൂരു അലയന്‍സ് സര്‍വകലാശാലയില്‍ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: അലയന്‍സ് സര്‍വകലാശാലയിലെ ഭാരതീയ വിജ്ഞാന പാരമ്പര്യ മികവിന്റെ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘വാട്ടര്‍, വിസ്ഡം ആന്‍ഡ് സിവിലൈസേഷന്‍’, ‘ഫ്രം വോയ്‌സ് ടു വിഷന്‍’ എന്നീ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.

ബെംഗളൂരുവിലെ സ്വാമി വിവേകാനന്ദ യോഗാനുസന്ധാന സംസ്ഥാന്‍ (എസ്-വ്യാസ) കല്പിത സര്‍വകലാശാലയുടെ മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ശ്രീധര്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. അലയന്‍സ് സര്‍വകലാശാലയിലെ ലിബറല്‍ ആര്‍ട്‌സ് സ്‌കൂള്‍ ഡീന്‍ ഡോ. ലിജു ജേക്കബ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

പ്രമുഖ തുളു-കന്നഡ കവിയും നാടകകൃത്തുമായ രഘു ഇഡ്കിടുവിന്റെ കവിതകള്‍ ഡോ. എ.എം. ശ്രീധരന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത സമാഹാരമാണ് ‘ഫ്രം വോയ്‌സ് ടു വിഷന്‍’. തുളു-കന്നഡ സാഹിത്യത്തെ വിശാലമായ വായനാസമൂഹത്തിലേക്ക് എത്തിക്കുന്നതിനുള്ള ശ്രദ്ധേയമായ വിവര്‍ത്തന സംരംഭമാണിത്.

പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകിയും അലയന്‍സ് സര്‍വകലാശാലയിലെ സന്ദര്‍ശക അധ്യാപികയുമായ ഡോ. പി. രമാദേവി, വിവര്‍ത്തകനും ഭാരതീയ വിജ്ഞാന പാരമ്പര്യ മികവിന്റെ കേന്ദ്രം ഡയറക്ടറുമായ ഡോ. എ.എം. ശ്രീധരന്‍, അവതരണ കലാ വിഭാഗം മേധാവി ഡോ. ശ്രുതി ചന്ദ്രശേഖര്‍ എന്നിവര്‍ പ്രകാശനച്ചടങ്ങില്‍ വേദി പങ്കിട്ടു.

‘വാട്ടര്‍, വിസ്ഡം ആന്‍ഡ് സിവിലൈസേഷന്‍’ എന്ന ഗ്രന്ഥം ജലവും മനുഷ്യനാഗരികതയും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവും വൈജ്ഞാനികവുമായ ബന്ധങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ്. ജലത്തെ കേവലം പ്രകൃതിവിഭവമായി കാണാതെ മനുഷ്യസംസ്‌കാരത്തിന്റെ രൂപീകരണത്തിലും വികാസത്തിലും നിര്‍ണായക പങ്കുവഹിച്ച ഘടകമായി സമീപിക്കുന്നതാണ് ഗ്രന്ഥത്തിന്റെ പ്രമേയം. ഭാരതീയ ജ്ഞാനപാരമ്പര്യത്തില്‍ ജലത്തിനുള്ള സവിശേഷ സ്ഥാനവും പരമ്പരാഗത ജലസംരക്ഷണ അറിവുകളുടെ സമകാലിക പ്രസക്തിയും ചര്‍ച്ച ചെയ്യുന്ന വിഷയമേഖലയാണിത്. പാരിസ്ഥിതിക സന്തുലനം, സുസ്ഥിരവികസനം, സാംസ്‌കാരിക പൈതൃകം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പഠനങ്ങള്‍ക്ക് ഈ വിഷയം പ്രാധാന്യമര്‍ഹിക്കുന്നു.

 

error: Content is protected !!