കരിന്തളം: പൊതുനന്മ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയും എം.എസ്.പി ഫിഷ് മാര്‍ക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ജനകീയ മത്സ്യച്ചന്തയ്ക്ക് തുടക്കമായി. എല്ലാ മാസവും രണ്ടാം തീയതി മത്സ്യച്ചന്ത സംഘടിപ്പിക്കാനും അതിലൂടെ ലഭിക്കുന്ന മുഴുവന്‍ ലാഭവും പൊതുനന്മ ഫണ്ടിലേക്ക് കൈമാറാനും സംഘാടകര്‍ തീരുമാനിച്ചു.
കാലിച്ചാമരത്ത് നടന്ന ചടങ്ങില്‍ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജന് ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഇത്തരം സംരംഭങ്ങള്‍ മാതൃകാപരമാണെന്നും പൊതുനന്മ ഫണ്ട് സമൂഹത്തിലെ അര്‍ഹരായവര്‍ക്ക് സഹായഹസ്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പി. എം. രാജന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വായനശാല സെക്രട്ടറി ഒ. എം. ബാലകൃഷ്ണന് പദ്ധതി വിശദീകരിച്ചു. പ്രദേശത്തെ വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം പൊതുനന്മ ഫണ്ടിലൂടെ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യാപാരി പ്രതിനിധികളായ ടി. സിദ്ദിഖ്, ടി. പി. കുഞ്ഞിക്കണ്ണന്, സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
കെ. വസന്തകുമാര്‍ സ്വാഗതം പറഞ്ഞു. ജനകീയ മത്സ്യച്ചന്തയുടെ ആദ്യദിനത്തില്‍ മികച്ച ജനപങ്കാളിത്തമാണ് ഉണ്ടായത്.
