ഔഷധം അടുക്കളയില്‍: ഹോസ്ദുര്‍ഗില്‍ കര്‍ക്കിടക വിഭവ പ്രദര്‍ശനം; ക്ഷേത്രം പ്രസിഡന്റ് എച്ച്.ആര്‍ ശ്രീധരന്‍ ഔഷധ വിഭവ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: രോഗപ്രതിരോധത്തിന് ഔഷധസ്യങ്ങളുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് കര്‍ക്കിടക മാസത്തില്‍ ഹോസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രം മഹിളാ സംഘവും ശ്രീകൃഷ്ണ കുടുംബശ്രീയും സംയുക്തമായി ഔഷധ വിഭവ പ്രദര്‍ശനവും മേളയും സംഘടിപ്പിച്ചു. പകര്‍ച്ചവ്യാധികള്‍ കൂടുതലായി കണ്ടുവരുന്ന കര്‍ക്കിടകത്തില്‍ പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഇലകളും ഔഷധസ്യങ്ങളും ഉപയോഗിച്ച് ആരോഗ്യദായകമായ ഭക്ഷണരീതി പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം. ക്ഷേത്രം മഹിളാ സംഘത്തിലെ 35 വനിതകള്‍ തങ്ങളുടെ കൈപ്പുണ്യം തെളിയിച്ച് അപൂര്‍വ ഔഷധസ്യങ്ങള്‍ ഉപയോഗിച്ചുള്ള 35 വ്യത്യസ്ത വിഭവങ്ങള്‍ ഒരുക്കി. വീട്ടുമുറ്റത്ത് സുലഭമായി കിട്ടുന്ന ചെടികള്‍ കൊണ്ടുള്ള തോരന്‍, സാമ്പാര്‍, പുളിശ്ശേരി, പായസം, ഇഡ്ഡലി തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണം. ഓരോ വിഭവത്തിനും ഔഷധഗുണവും രുചിയും ഒരുപോലെ ഉണ്ടായിരുന്നു.
ക്ഷേത്രം പ്രസിഡന്റ് എച്ച്.ആര്‍ ശ്രീധരന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മഹിളാ സംഘം പ്രസിഡന്റ് സാവിത്രി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ശങ്കര ഹെഗ്‌ഡെ, സെക്രട്ടറി നാഗരാജ ഹെഗ്‌ഡെ, ട്രഷറര്‍ എച്ച്.ആര്‍ വസന്തന്‍, ശ്രീകൃഷ്ണ ക്ലബ്ബ് സെക്രട്ടറി എച്ച്.ജെ പ്രവീണ്‍കുമാര്‍ , ക്ലബ്ബ്  അംഗം യോഗേഷ് ഹെഗ്‌ഡെ, ശ്രീകൃഷ്ണ കുടുംബശ്രീ സെക്രട്ടറി ഗീത ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. മഹിളാ സംഘം സെക്രട്ടറി കുസുമ ഹെഗ്‌ഡെ സ്വാഗതം പറഞ്ഞു. കര്‍ക്കിടകത്തിലെ ‘ഔഷധ കഞ്ഞി’ മുതല്‍ ‘ഇലക്കറി കൂട്ടുകള്‍’ വരെ പുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ ഈ മേളയ്ക്ക് കഴിഞ്ഞുവെന്ന് സംഘാടകര്‍ പറഞ്ഞു.

 

error: Content is protected !!