തൃക്കരിപ്പൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 68-ാമത് സംസ്ഥാന സ്‌കൂള്‍ ഗ്രൂപ്പ് 2 ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് തൃക്കരിപ്പൂരില്‍ ആരംഭിച്ചു. വി.പി.പി.എം.കെ.പി.എസ്.ജി.വി.എച്ച്.എസ്.എസ് ഒഡിറ്റാറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജയിക്കാനുള്ള ആഗ്രഹത്തോടെ മാത്രമല്ല സ്വയം അതിജീവിക്കാനുള്ള ദൃഢനിശ്ചയത്തോടും കൂടിയാണ് കുട്ടികള്‍ മത്സരിക്കുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.വിജയം ഉത്ഭവിക്കുന്നത് മനസ്സിന്റെ ശക്തിയില്‍ നിന്നാണ് പരാജയത്തില്‍ നിന്ന് ഉയര്‍ത്തെഴുനേല്‍ക്കാന്‍ കുട്ടികള്‍ സാധിക്കട്ടെ. ലോകത്തിലെ ഏറ്റവും വേഗതയേറിയ നീന്തല്‍ താരം മൈക്കിള്‍ ഫെല്‍പ്സ് ക്ലാസില്‍ മികച്ച വിജയിയായിരുന്നില്ല. ജന്മനാ കാലിന് ശേഷി കുറഞ്ഞ അമേരിക്കന്‍ കായിക താരം വില്‍മ റിഡോള്‍ഫ് 1960 ല്‍ റോമില്‍ നടന്ന ഒളിമ്പിക്സില്‍ ഏറ്റവും വേഗത കൂടിയ ഓട്ടക്കാരിയായി മാറിയത് ദൃഡ നിശ്ചയം കൊണ്ടാണെന്നും എം.പി പറഞ്ഞു. എല്ലാ താരങ്ങള്‍ക്കും എം.പി വിജയാശംസകള്‍ നേര്‍ന്നു.
സന്ദീപ് വാര്യര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ അജിത്ത് വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മനു, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജീഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാഹിന, വാര്‍ഡ് മെമ്പര്‍ ഫായിസ് ബീരിച്ചേരി, പി.ടി.എ പ്രസിഡന്റ് യു.പി ഷരീഫ്, എച്ച്.എസ്.ഇ കണ്ണൂര്‍ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ വിനോദ്കുമാര്‍, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ പി.ആര്‍ ഉദയകുമാരി, അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഒളിമ്പ്യന്‍ കുഞ്ഞുമുഹമ്മദ്, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷൗക്കത്തലി അക്കാളത്ത്, എസ്.എസ്.കെ ഡി.പി.ഒമാരായ ടി.മധുസൂദനന്‍, പി.ശശിധരന്‍, സി.എച്ച് ഷംസുദ്ദീന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ രമേശന്‍ പുന്നത്തിരിയന്‍, സുരേന്ദ്രന്‍ മീലിയാട്ട്, ടി.കെ മുഹമ്മദലി, റവന്യൂ ജില്ലാ സ്‌പോര്‍ട്‌സ് സെക്രട്ടറി കെ.വി ബിജു, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.പി റഫീഖ് സ്വാഗതവും റവന്യൂ ജില്ലാ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ടി.ആര്‍ പ്രീതിമോള്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി വിശിഷ്ടാതിഥികള്‍ കളിക്കാരെ പരിചയപ്പെട്ടു.
സെന്റ് പോള്‍സ് എ.യു.പി സ്‌കൂള്‍ തൃക്കരിപ്പൂര്‍ എന്നീ വിദ്യാലയങ്ങളിലായി കായിക മാമാങ്കത്തില്‍ കബഡി, സെപക് താക്രോ, ടെന്നിക്കോയ്റ്റ് എന്നീ ഇനങ്ങളിലായി 1300 ല്‍ പരം കായിക പ്രതിഭകള്‍ മാറ്റുരക്കുന്നു.
തൃക്കരിപ്പൂരില്‍ നടക്കുന്ന 68 മത് സംസ്ഥാന സ്‌ക്കൂള്‍ ഗെയിംസ് മത്സരഫലം
കബഡി
സബ് ജൂനിയര്‍ ബോയ്സ്
1. കാസര്‍കോട്
2. പാലക്കാട്
3. എറണാകുളം
4. ഇടുക്കി
സബ് ജൂനിയര്‍ ഗേള്‍സ്
1. കോഴിക്കോട്
2. പാലക്കാട്
3. തൃശ്ശൂര്‍
4. ആലപ്പുഴ
