കരിന്തളം:കിനാനൂര്‍-കരിന്തളം: ഗ്രാമപഞ്ചായത്തിലെ മാലിന്യ ശേഖരണവും മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനായി കരിന്തളം മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിക്ക് (എം.സി.എഫ്) പുതിയ ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ (സി.എസ്.ആര്‍) ഫണ്ടില്‍ നിന്ന് ?10,64,245 അനുവദിച്ചു.
2026 സെപ്റ്റംബര്‍ 17-ന് അനുവദിച്ച ഈ തുക ഉപയോഗിച്ച് ടാറ്റാ മോട്ടോഴ്സിന്റെ ടാറ്റാ എയ്‌സ് 1000 സി.എല്‍.ബി മോഡല്‍ ഇ വി വാഹനം വാങ്ങുന്നതിനാണ് പദ്ധതി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് എം.സി.എഫിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വാഹനം സ്വന്തമാക്കുന്നത്.
വിസ്തൃതമായ ഭൂപ്രകൃതിയും മലനിരകളും ഉള്‍പ്പെടുന്ന കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി മാലിന്യം ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ വെല്ലുവിളിയാണ്. നിലവില്‍ ഉപയോഗത്തിലുള്ള വാഹനത്തിന്റെ പരിമിതികള്‍ കാരണം ചില പ്രദേശങ്ങളില്‍ മാലിന്യശേഖരണത്തിന് കൂടുതല്‍ സമയം ആവശ്യമായി വന്നിരുന്നു. പുതിയ ഇലക്ട്രിക് വാഹനം കൂടി ലഭ്യമാകുന്നതോടെ പഞ്ചായത്തിന്റെ മാലിന്യശേഖരണ ശൃംഖല ശക്തിപ്പെടുകയും കൂടുതല്‍ പ്രദേശങ്ങളില്‍ സമയബന്ധിതമായി സേവനം എത്തിക്കാനാകുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വ പരിപാലനത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഈ സംരംഭം ഗ്രാമപഞ്ചായത്തിന്റെ മാലിന്യസംസ്‌കരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജം പകരുമെന്നാണ് പ്രതീക്ഷ.
