ഭാരതീയ ചികിത്സാ വകുപ്പ് – നാഷണല്‍ ആയുഷ് മിഷന്‍ കാസര്‍ഗോഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ ഹെല്‍ത്ത് ക്യാമ്പയിന്റെ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം നോര്‍ത്ത് തൃക്കരിപ്പൂര്‍ കൊയോങ്കര എ.എല്‍.പി. സ്‌കൂളില്‍ നടന്നു.
തൃക്കരിപ്പൂര്‍ എം.എല്‍.എ സന്ദീപ് വാര്യര്‍ ക്യാമ്പയിന്‍ വീഡിയോ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുള്ള അധ്യക്ഷത വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ കാസര്‍കോട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദിലീപ് കെ. മുഖ്യാതിഥിയായി. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജീഷ് ബാബു എം., ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ. പ്രസന്ന, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. നജീബ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് അശ്രിഫ, വാര്‍ഡ് മെമ്പര്‍ പത്മനാഭന്‍ കെ., കൊയോങ്കര ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഭാഗ്യശ്രീ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെല്‍ത്ത് ക്യാമ്പയിന്‍ കണ്‍വീനര്‍ ഡോ. ആശ കെ.വി. സ്വാഗതവും സ്‌കൂള്‍ പ്രധാനാധ്യാപിക ഉഷ ടീച്ചര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡോ. നിത്യ എ.കെ., ഡോ. സുജിന പി.വി. എന്നിവര്‍ ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍ നയിച്ചു. കുട്ടികളില്‍ ആരോഗ്യകരമായ ജീവിതശൈലി, ആയുര്‍വേദത്തിന്റെ അടിസ്ഥാന ആരോഗ്യപരിപാലന ആശയങ്ങള്‍, ആരോഗ്യകരമായ ഭക്ഷണശീലം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ ഹെല്‍ത്ത് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
