ബളാന്തോട്: പനത്തടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ‘ഉയരെ’ വാര്‍ഡ് തല കമ്മിറ്റി രൂപീകരണ യോഗം കോയത്തടുക്കം ഉന്നതിയില്‍ സംഘടിപ്പിച്ചു.
വാര്‍ഡ് മെമ്പര്‍ കെ. സി. മോഹന്‍ദാസ് യോഗം ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പന്‍ രാഘവന്‍ നായിക്ക് അധ്യക്ഷത വഹിച്ചു.
‘ഉയരെ’ ക്യാമ്പയിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ഷിനു സുകുമാരന്‍, സി.എസ്.ഡബ്ല്യു. വിഷ്ണു എന്നിവര്‍ വിശദീകരണം നല്‍കി. യോഗത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവച്ചു.
ഏഴംഗ വാര്‍ഡ് തല കമ്മിറ്റി രൂപീകരിക്കുകയും, ‘ഉയരെ’ ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തു. കൂടാതെ, ഉന്നതിയില്‍ ലഭ്യമായ കെട്ടിടസൗകര്യം പ്രയോജനപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്കായി പഠനമുറി ആരംഭിക്കണമെന്ന ആവശ്യവും യോഗം മുന്നോട്ടുവച്ചു.
പ്രമോട്ടര്‍മാരായ ശരത് സ്വാഗതവും രജിത നന്ദിയും പറഞ്ഞു.
