പെരിയ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയ ബസാറില്‍ മേഘ കമ്പനി നടത്തിയ നിര്‍മ്മാണത്തിലെ പാളിച്ചകള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധവുമായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പെരിയ ബസാറിലെ റെഡ് സ്റ്റാര്‍ ക്ലബ്ബില്‍ ചേര്‍ന്ന ജനകീയ യോഗത്തിലാണ് വിവിധ രാഷ്ട്രീയ, സാമൂഹിക, വ്യാപാര സംഘടനാ പ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ 45 മീറ്റര്‍ വീതിയില്‍ ഏറ്റെടുത്ത സ്ഥലത്ത് ദേശീയപാത നിര്‍മ്മാണം നടത്തിയിട്ടും ആവശ്യമായ ജാഗ്രത പാലിക്കാതെയാണ് പെരിയ ബസാറില്‍ അണ്ടര്‍പാസ് നിര്‍മ്മിച്ചതെന്ന് യോഗം ആരോപിച്ചു. സര്‍വീസ് റോഡ് ആവശ്യമായ വീതിയില്‍ നിര്‍മ്മിക്കാതെ സര്‍വീസ് റോഡ് 3.5 മീറ്റര്‍ വീതിയില്‍ മാത്രമാണ് പൂര്‍ത്തിയാക്കിയതെന്നും, നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ജനകീയ സമരസമിതി നിരവധി തവണ മേഘ കമ്പനിയെ വിവരം അറിയിച്ചിരുന്നെങ്കിലും യാതൊരു അനുകൂല നടപടിയും സ്വീകരിക്കാതെയാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയതെന്നും യോഗം കുറ്റപ്പെടുത്തി.
നിലവില്‍ സര്‍വീസ് റോഡിലൂടെ കാല്‍നട യാത്ര പോലും ദുഷ്കരമായ സാഹചര്യമാണ്. 4 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച അണ്ടര്‍പാസിലൂടെ രണ്ടു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതെ ഗതാഗത തടസ്സം രൂക്ഷമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
സുള്ള്യ അന്തര്‍സംസ്ഥാന പാത, ഉദുമ നഴ്സിംഗ് കോളേജ്, കാസര്‍കോട് ഗവണ്മെന്റ് പോളിടെക്നിക്, പാല് സംഭരണ പ്ലാന്റ്, നവോദയ വിദ്യാലയം, കെ.എസ്.ഇ.ബി., മാവേലി സൂപ്പര്‍ മാര്‍ക്കറ്റ്, ബാങ്കുകള്‍,പോസ്റ്റോഫീസ് ,ജില്ലയിലെ പ്രധാന വാഹന ഷോറൂമുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന പ്രധാന വ്യാപാര കേന്ദ്രമായ പെരിയ ബസാറിലെ ജനങ്ങള്‍ നിലവില്‍ കടുത്ത യാത്രാ ദുരിതമാണ് അനുഭവിക്കുന്നതെന്നും യോഗം വിലയിരുത്തി.
പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്സണായി 19 വാര്‍ഡ് മെമ്പര്‍ ശോഭന, കണ്‍വീനറായി രണ്ടാം വാര്‍ഡ് മെമ്പര്‍ കെ.ഗംഗാധരന് , വൈസ് ചെയര്മാന്മാരായി അബ്ദുള്ള ഷാഫി (പുല്ലുര് പെരിയ ഗ്രാമ പഞ്ചായത്ത് സമര സമിതി ), പ്രമോദ് പെരിയ (ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ), രാജീവന് (സി.പി.എം. ലോക്കല്‍ സെക്രട്ടറി),എ എം മുരളീധരന് നായര്‍ (ബി.ജെ.പി. ഉദുമ മണ്ഡലം സെക്രട്ടറി), ജോയിന്റ് കണ്‍വീനര്‍മാരായി കെ.പി. അബ്ദുല്‍ സത്താര്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ അംഗം), ജയചന്ദ്രന് (വ്യാപാര സമിതി, പെരിയ യൂണിറ്റ്) എന്നിവരെ തെരഞ്ഞെടുത്തു.
യോഗം മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍:
സര്‍വീസ് റോഡിന്റെ വീതി അപര്യാപ്തമായതിനാല്‍ മെയിന്‍ റോഡിലേക്ക് സുരക്ഷിതമായി പ്രവേശിക്കാനുള്ള സംവിധാനം ഒരുക്കുക.
പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുക.
ഒരേസമയം രണ്ട് വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയുന്ന പുതിയ അണ്ടര്‍പാസ് നിര്‍മ്മിക്കുക.
പൂക്കളം ഭാഗത്തെ സര്‍വീസ് റോഡിന്റെ ഉയരം കുറയ്ക്കുക.
ഈ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ദേശീയപാതയിലെ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ഏകകണ്ഠമായി പ്രഖ്യാപിച്ചു. ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനായി നിരാഹാര സമരം ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ അറിയിച്ചു.
