കാസര്‍കോട് പോലീസുകാരന് കുത്തേറ്റ സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍; നെക്രാജെ, സ്വദേശികളായ സഫ് വാന്‍, അമീര്‍, കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ മുഹമ്മദ് ഷമീന്‍ എന്നിവരാണ് അറസ്റ്റിലായത്

കാസര്‍കോട്: ഹെല്‍മറ്റ് ധരിക്കാതെ ഒരേ മോട്ടോര്‍സൈക്കിളില്‍ മൂന്നുപേര്‍ സഞ്ചരിക്കുന്നത് ചോദ്യം ചെയ്ത
പോലീസുകാരന് കുത്തേറ്റു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് വലത് കൈക്ക് കുത്തേറ്റത്. കണ്‍ട്രോള്‍ റൂം എസ്‌ഐയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ് സംഘം. ഇതിനിടയില്‍ കറന്തക്കാട് ഭാഗത്ത് നിന്നു ഒരു ബൈക്കില്‍ എത്തുകയായിരുന്നു മൂന്നംഗ സംഘം ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ബൈക്ക് തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ ബൈക്ക് യാത്രക്കാര്‍ പോലീസുകാരോട് തട്ടിക്കയറുകയായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ പോലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം ഉണ്ടായപ്പോള്‍ സന്ദീപ് തടയാന്‍ ശ്രമിക്കുകയും ഈ സമയത്ത് ബൈക്ക് യാത്രക്കാരില്‍ ഒരാള്‍ കത്തിയെടുത്ത് കഴുത്തിനു കുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കുത്ത് തടയുന്നതിനിടയിലാണ് സന്ദീപിന്റെ വലതു കൈവെള്ളയില്‍ മുറിവേറ്റത്. പരിക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ കൂടുതല്‍ പോലീസെത്തി മൂന്നു പേരെയും കീഴ്‌പ്പെടുത്തി അറസ്റ്റു ചെയ്യുകയായിരുന്നു ബദിയഡുക്ക, നെക്രാജെ സ്വദേശികളായ സഫ് വാന്‍, അമീര്‍ കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ മുഹമ്മദ് ഷമീന്‍ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് അക്രമ സംഭവം അരങ്ങേറിയത്. പ്രതികള്‍ക്കെതിരെ കാസര്‍കോട് പോലീസ് നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

 

error: Content is protected !!