റാണിപുരം: സംസ്ഥാനത്ത് വലിയ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയോടെ കേരളത്തിലെ ജനങ്ങള്‍ അധികാരത്തിലെത്തിച്ച യുഡിഎഫ് സര്‍ക്കാര്‍ വെറും രണ്ട് മാസത്തിനുള്ളില്‍ തന്നെ ജനങ്ങളുടെ പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തിയെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു. വെള്ളരിക്കുണ്ട് സംഘടനാ മണ്ഡലത്തിന്റെ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പരിശീലന മഹാ അഭിയാന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.മുഖ്യമന്ത്രി സ്ഥാനത്തും പ്രതിപക്ഷ നേതൃസ്ഥാനത്തും ആളുകള്‍ മാറിയതൊഴിച്ചാല്‍ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന യാതൊരു ഗുണപരമായ മാറ്റവും സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും, പദവികള്‍ കൈമാറിയതാണ് കേരളം കണ്ട ഏക മാറ്റമെന്നും അവര്‍ പറഞ്ഞു.വയനാട്ടില്‍ മണ്ണിടിച്ചിലില്‍ ഏഴ് പേര്‍ മരണപ്പെട്ട ദുരന്തം നടന്നിട്ടും വയനാട് എം.പി. പ്രിയങ്ക ഗാന്ധിയോ മുന്‍ വയനാട് എം.പിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയോ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചിട്ടില്ലെന്ന് അവര്‍ വിമര്‍ശിച്ചു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ വിദേശത്ത് പോയി ഭാരതത്തെയും ഭാരതത്തിന്റെ ഭരണസംവിധാനങ്ങളെയും വിമര്‍ശിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
കേരളത്തിലെ ആയിരത്തിലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്ള സാഹചര്യത്തില്‍, ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഭവവികാസങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയമാകുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇത് ബിജെപിയുടെ രാഷ്ട്രീയ പ്രസക്തി വര്‍ധിച്ചുവരുന്നതിന്റെ തെളിവാണെന്നും, നിയമസഭയില്‍ വെറും മൂന്ന് അംഗങ്ങളുള്ള ബിജെപി ശക്തമായ പ്രതിപക്ഷത്തിന്റെ പങ്കാണ് നിര്‍വഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതിനനുസരിച്ച് ബിജെപി പ്രവര്‍ത്തകരുടെ മേല്‍ പൊതുസമൂഹം അര്‍പ്പിക്കുന്ന വിശ്വാസവും ഉത്തരവാദിത്തവും വര്‍ധിച്ചുവരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് വിനീത് കുമാര്‍ മുണ്ടമാണി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് മേഖല സംഘടനാ സെക്രട്ടറി ജി. കാശിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, മനുലാല്‍ മേലത്ത്, ജില്ലാ വൈസ് പ്രസിഡന്റ് എം. ബല്‍രാജ്, ജില്ലാ സെക്രട്ടറി എന്‍. മധു, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി വി. കുഞ്ഞിക്കണ്ണന്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുകുമാരന്‍ കാലിക്കടവ്, എസ്.ടി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു പാണത്തൂര്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.എസ്. രമണി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.കെ. വേണുഗോപാല്‍, ശ്രീജിത്ത് പറക്കളായി എന്നിവര്‍ സംസാരിച്ചു.
