കാഞ്ഞങ്ങാട്: നമ്മുക്ക് വേണ്ട പി എം ശ്രീ പദ്ധതി എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ അനുകൂല സംഘടനകളായ
എ ഐ എസ് എഫ് , എ ഐ വൈ എഫ്, മഹിളാസംഘം, ജോയിന്റ് കൗണ്‍സില്‍, എ കെ എസ് ടി യു , കെജിഒഎഫ്,
യുവകലാസാഹിതി, ഇസ്‌കഫ് ,ഇപ്റ്റ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ മതേതര വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ നടത്തി. സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും കാഞ്ഞങ്ങാട് എം .എല്‍ എയുമായ
അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ് മുഖപത്രമായ
വിചാരധാരയില്‍ എഴുതി പിടിപ്പിച്ച കാര്യങ്ങള്‍ പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയമെന്ന നിലയില്‍ കോവിഡ് കാലത്ത് ചര്‍ച്ചയേതും കൂടാതെ രാജ്യത്ത് നടപ്പിലാക്കിയതെന്ന് എം.എല്‍ എ കുറ്റപ്പെടുത്തി. ഇനി കേവലം എട്ടു മാസക്കാലം മാത്രം ആയുസ്സുള്ള പി എം ശ്രീ പദ്ധതി നടപ്പിലാക്കുക വഴി സംസ്ഥാനത്തിന്റെ മതേതരത്വമുഖത്തിന് കളങ്കം ചാര്‍ത്താന്‍ ആണ് യു.ഡി എഫ് സര്‍ക്കാരിന്റെ നീക്കമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുമുന്നണി എം. ഒ.യു ഒപ്പിട്ടത് നടപ്പിലാക്കേണ്ടെന്ന് തീരുമാനിക്കുകയും തീരുമാനം മരവിപ്പിച്ചതുമാണ്. ഈ വിഷയത്തില്‍ ഇപ്പോള്‍ ഐക്യ മുന്നണി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത് അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇടതു മതേതര കക്ഷികളുടെ യോജിച്ച പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എകെ എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എസ്.എന്‍ പ്രമോദ് അധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് സംസ്ഥാന ജോ.സെക്രട്ടറി കെ വി രജീഷ്, മഹിളാ സംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗ്ഗവി, എ കെ എസ് ടി യു സംസ്ഥാന എക്‌സിക്യൂട്ടിവംഗം വിനയന്‍ കല്ലത്ത്, എം ശ്രീജിത്ത്, ജലീല്‍ പാലോത്ത്, സിദ്ധാര്‍ത്ഥന്‍ കരിച്ചേരി എന്നിവര്‍ സംസാരിച്ചു.
