വേലാശ്വരം : കളിയും ചിരിയും ചിന്തയും കലാപരിപാടികളും കോര്‍ത്തിണക്കി ഇത്തവണത്തെ പ്രവേശനോത്സവം നയനാനന്ദകരമാക്കി വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍. ബേക്കല്‍ ഉപജില്ലാതല പ്രവേശന ഉത്സവ ഉദ്ഘാടന ചടങ്ങാണ് വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടന്നത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്രീ പ്രൈമറിയിലും ഒന്നാം ക്ലാസിലും പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് ആനയിച്ചുകൊണ്ട് ഘോഷയാത്ര നടന്നു. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പ്രവേശനോത്സവ ഗാനത്തിന് ചുവടുകള്‍ വച്ചു കൊണ്ടുള്ള നൃത്തം ഏറെ ശ്രദ്ധേയമായി.തുടര്‍ന്ന് അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പി ടി.എ പ്രസിഡണ്ട് പി. വിനോദ് അധ്യക്ഷനായി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ വി സുകുമാരന്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം നിര്‍വഹിച്ചു. സ്‌കൂള്‍ പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സ്‌കൂളിലെ പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒരേ നിറത്തിലും ഗുനത്തിലുമുള്ള സ്‌കൂള്‍ ബാഗ് നല്‍കി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരേ തരത്തില്‍ ചിന്തിക്കുന്നതിനുള്ള പ്രേരണ നല്‍കി എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ഡയറ്റ് ലക്ചറര്‍ ഡോക്ടര്‍ കെ. അജിത, ബേക്കല്‍ ബി.പി.സി എം. എച്ച്. അബ്ദുല്‍സലാം, പി.കൃഷ്ണന്‍,
സി. വി. കൃഷ്ണന്‍, കെ. വി. സുനില്‍കുമാര്‍, എ. പ്രകാശന്‍, കെ. വി.അമൃത, കെ. ഉമാദേവി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ടി. വിഷ്ണു നമ്പൂതിരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍. ശോഭന നന്ദിയും പറഞ്ഞു. തുടര്‍ന്ന് നാടന്‍പാട്ട് കലാകാരി കുമാരി ഭവന്യ കാഞ്ഞങ്ങാട് നാടന്‍പാട്ട് അവതരണവും നടത്തി. പായസ വിതരണവും നടന്നു.
