കാസര്‍കോട്: നീലേശ്വരത്ത് രൂക്ഷമായ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും തടയുന്നതിനായി സര്‍വീസ് റോഡ് നന്നാക്കാന്‍ ഒരു മാസത്തേക്ക് മേല്‍മണല്‍ പാലത്തിലൂടെ ഗതാഗതം അനുവദിക്കാന്‍ ഇന്ന് നഗരസഭ ജനകീയ കര്‍മ്മസമിതി ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, നീലേശ്വരം നഗരസഭാ ചെയര്മാന് പി പി മുഹമ്മദ് റാഫി , മുന്‍നഗരസഭ ചെയര്മാന് കെ പി ജയരാജന്, കര്‍മസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മാമുനി വിജയന് , അഡ്വ.കെ പി നസീര്‍ പി വിജയകുമാര്‍ എന്നിവര്‍ക്ക് പുറമെ ദേശീയപാത അതോറിറ്റി അധികൃതര്‍ , ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പോലീസ് മേധാവികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ഒരു മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കണമെന്നും അല്ലാത്തപക്ഷം ഗതാഗതം തടയുമെന്നും കര്‍മ്മസമിതി ഭാരവാഹികള്‍ കലക്ടറെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്മ്മാണപ്രതി ഊര്‍ജിതമാക്കി ഒരു മാസത്തിനകം പണി തീര്‍ക്കണമെന്ന് കലക്ടര്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി.
