കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ഒളിമ്പിക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന മാര്‍ഷ്യല്‍ ആട്സ് ഫെസ്റ്റ് സമാപിച്ചു. അവസാന രണ്ട് ദിവസങ്ങളിലായി നടന്ന തായ്ക്വാണ്ടോ മത്സരത്തില്‍ യോധാ തായ്ക്വാണ്ടൊ അക്കാദമി കാസര്‍കോട് പോയിന്റുകളോടെ 177 ക്ലബ്ബ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. തായ്ക്വാണ്ടൊ അക്കാദമി പൊയ്നാച്ചി പോയിന്റുകളോടെ 133 ക്ലബ്ബ് റണ്ണറപ്പായി. തായ്ക്വാണ്ടൊ അക്കാദമി വെളിക്കോത്ത് 108 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനം നേടി. പവര്‍ ലിസ്റ്റിംഗ്, ആം റസലിങ്ങ് മേഖലയിലെ അന്താരാഷ്ട്ര താരം പ്രതീഷ് മീത്തല്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്ക് അസോസിയേഷന് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം കെ രാജശേഖരന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം അച്യുതന് സ്വാഗതവും എം കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു. കെ ബി എം ഷെറീഫ്, ലത്തീഫ് പെരിയ, എം രാമകൃഷ്ണന്, കെ വി രാമകൃഷ്ണന്, ടി പവിത്രന്, സബാസ്റ്റണ്,സജീവന് വെങ്ങാട്ട്, സി.ഐ.പ്രകാശ്, ഗംഗാധരന്, പ്രഭാകരന് കെ, തുടങ്ങിയവര്‍ പങ്കെടുത്തു.
ആറു ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ കരാട്ടെ, വുഷു , കളരിപ്പയറ്റ്, ജൂഡോ, ബോക്സിംഗ്, ആം റസലിംഗ്, തായ്ക്വാണ്ടൊ എന്നീ ഏഴ് കായിക ഇനങ്ങളിലുളള മത്സരങ്ങളാണ് നടന്നത്.
1500 അധികം കായിക താരങ്ങളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. സാധാരണയായി ജില്ലാ മത്സരങ്ങളില്‍ മാത്രമാണ് കായികതാരങ്ങള്‍ക്ക് അവസരം ലഭിക്കാറുള്ളത്. എന്നാല്‍ ഇത്തരത്തിലുള്ള കായിക മത്സരങ്ങള്‍ കൂടുതല്‍ കായികതാരങ്ങള്‍ക്ക് കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.
വരും വര്‍ഷങ്ങളില്‍ കുടുതല്‍ കായിക ഇനങ്ങളെ ഉള്‍പ്പെടുത്തി ഇന്‍ഡോര്‍, ഔട്ട്ഡോര്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ല ഒളിമ്പിക് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
ജൂണ്‍ 23ന് നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനാചരണത്തിന്റെ ഭാഗമായാണ് ഈ മാര്‍ഷ്യല്‍ ആട്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഈ വര്‍ഷത്തെ ഒളിമ്പിക് ദിനാഘോഷം തൃക്കരിപ്പൂരില്‍ വച്ച് നടക്കും.
