പാണത്തൂര്: അര്ദ്ധരാത്രിയില് കിണറ്റില് വീണ യുവാവിനെ ഫയര്ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 12 മണിയോടു കൂടിയാണ് യുവാവ് വീടിനു സമീപത്തുള്ള കിണറ്റില് വീണത്. പാറക്കടവിലെ സുഹൃത്തിന്റെ പുതിയ വീടിന്റെ കുടി കൂടല് ചടങ്ങില് പങ്കെടുത്ത് വീട്ടിലേക്ക് വരികയായിരുന്ന യുവാവ് ഇരുട്ടില് തന്റെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറില് വീഴുകയായിരുന്നു. ബന്ധുക്കള് വിവരമറിയിച്ചതിനെ തുടര്ന്ന് വാര്ഡ് മെമ്പര് എം ഷിബു രാജപുരം പോലീസിലും, കുറ്റിക്കോലിലെ ഫയര് ഫോഴ്സ് ഓഫീസിലും വിവരമറിയിക്കുകയായിരുന്നു. ഏതാനും മിനിട്ടുകള്ക്കുള്ളില് തന്നെ പോലീസും, ഫയര് ഫോഴ്സും സ്ഥലത്തെത്തി. തുടര്ന്ന് ഫയര് ഫോഴ്സ് അംഗങ്ങള് കിണറ്റിലിറങ്ങി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്ന്ന് യുവാവിനെ പാണത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിസ്സാര പരിക്കേറ്റ യുവാവിനെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വീട്ടിലെത്തിച്ചു. 8 മീറ്ററോളം ആഴമുള്ള കിണറ്റിലാണ് യുവാവ് വീണത്. വെള്ളമില്ലാതെ പാറകള് നിറഞ്ഞ കിണറില് കഴിഞ്ഞ ദിവസങ്ങളില് പെയ്ത മഴയില് വെള്ളം നിറഞ്ഞതിനാലാണ് യുവാവ് പരിക്കേല്ക്കാതെ രക്ഷപെട്ടത്.
