പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന മൂന്നാമത് വൈശാഖ നടനം ദേശീയ നൃത്യോത്സവത്തിന്റെ പതിനൊന്നാം നാളില്‍ പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി അനുപമ മേനോനും കുടുംബവും നൃത്താവതരണം നടത്തി. കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവും, ദൂരദര്‍ശന്‍ എ ടോപ് ആര്‍ട്ടിസ്റ്റും, തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ മോഹിനിയാട്ട വിഭാഗം അധ്യാപികയുമായ ശ അനുപമ മേനോന്‍ ആണ് മോഹിനിയാട്ടം വേദിയില്‍ അവതരിപ്പിച്ചത്. ഭര്‍ത്താവും പ്രശസ്ത സംഗീതജ്ഞനുമായ നീലംപേരൂര്‍ സുരേഷ് കുമാര്‍ വായ്പാട്ടില്‍ അകമ്പടി സേവിച്ചു. കൂടാതെ മക്കളായ കുമാരി പല്ലവി സുരേഷ് വീണയിലും കുമാരി പവിത്ര സുരേഷ് ഓടക്കുഴലിലും മാതാപിതാക്കളോടോപ്പം ഈണം പകര്‍ന്നു. കലാമണ്ഡലം നയന നാട്ടുവാംഗ ത്തിലും ആര്‍ വി എല്‍ കോളേജിലെ മൃദംഗ വിഭാഗം അദ്ധ്യാപകന്‍ ബിജോയ് നാരായണന്‍ മൃദംഗത്തിലും വയലിന്‍ അധ്യാപിക ലയ ബിജോയ് വയലിനിലും അകമ്പടി സേവിച്ചു. ചക്രവാക രാഗത്തിലുള്ള ഗണപതി സ്തുതി, ആരഭി രാഗത്തിലുള്ള ശ്രീ രമണവിഭോ, ശ്രീരാഗത്തിലുള്ള അജിതാ ഹരേ, ശ്രീകൃഷ്ണനെ സ്തുതിച്ചുള്ള കുറത്തി എന്നിവയാണ് വേദിയില്‍ അവതരിപ്പിച്ചത്.ഈ ഇനങ്ങളെല്ലാം ചിട്ടപ്പെടുത്തിയതും അനുപമ മേനോന്‍ തന്നെ ആയിരുന്നു.
