അജാനൂര്‍: അജാനൂര്‍ കടപ്പുറത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ഓട്ടോറിക്ഷയില്‍ മറന്നുവെച്ച മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് തിരികെ നല്കി. സി.ഐ.ടി.യു പ്രവര്‍ത്തകനായ മടിയനിലെ ടി. കുഞ്ഞമ്പുവിന്റെ ഓട്ടോറിക്ഷയിലാണ് പാണത്തൂരിലെ അലീമയുടെ മൊബൈല്‍ ഫോണ്‍ യാത്രയ്ക്കിടെ മറന്നുവെച്ചത്. ഓട്ടോ വൃത്തിയാക്കുന്നതിനിടെ ഫോണ്‍ കണ്ടെത്തിയ ഡ്രൈവര്‍ അത് സുരക്ഷിതമായി സൂക്ഷിക്കുകയും ഉടമയെ കണ്ടെത്തുന്നതിനായി ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അലീമയുടെ ബന്ധുവായ ചിത്താരിയിലെ അഷ്റഫിന് ഫോണ്‍ കൈമാറി. സി.ഐ.ടി.യു ഡിവിഷന് സെക്രട്ടറി ഉണ്ണി പാലത്തിങ്കാലിന്റെ സാന്നിധ്യത്തില്‍ മൊബൈല്‍ ഫോണ്‍ തിരിച്ചു നല്കി.
