പാലക്കാട്ട് ശ്രീ വക്ക് വളപ്പ് തറവാട് പുന പ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ട മഹോത്സവം സമാപിച്ചു

നീലേശ്വരം: നീലേശ്വരം പാലക്കാട്ട് ശ്രീ വക്ക് വളപ്പ് തറവാട്ടില്‍ ഏപ്രില്‍ 26 മുതല്‍ വിവിധ ആചാരാനുഷ്ഠാനങ്ങളോടെ നടന്ന പുന പ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ട മഹോത്സവം സമാപിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒഴുകിയെത്തിയ പതിനായിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യം മഹോത്സവത്തെ അത്യന്തം ശ്രദ്ധേയമാക്കി.
മഹോത്സവത്തിന്റെ ഭാഗമായി ദിനംപ്രതി പ്രത്യേക പൂജകളും കലശാഭിഷേകവും വേദമന്ത്രോച്ചാരണങ്ങളും നടത്തി.
അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രം കാണാറുള്ള ബാലി തെയ്യം ഈ മഹോത്സവത്തിന്റെ പ്രധാന ആകര്‍ഷണമായി മാറി. ഗുരുദൈവം, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കുണ്ടാര്‍ ചാമുണ്ഡി, കാര ഗുളികന്‍, തറവാട് ധര്‍മ്മദൈവമായ വെള്ളാര്‍ കുളങ്ങര ഭഗവതി തുടങ്ങിയ തെയ്യങ്ങള്‍ ഭക്തര്‍ക്ക് അനുഗ്രഹം പകര്‍ന്നു.
മഹോത്സവത്തില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്കായി അഞ്ചു ദിവസവും വിപുലമായ അന്നദാനവും ഒരുക്കിയിരുന്നു. എല്ലാ ദിവസവും അന്നദാനം നടത്തിയത് സാമൂഹിക ഐക്യവും സേവാഭാവവും ഉയര്‍ത്തിക്കാട്ടി. ആത്മീയതയും പാരമ്പര്യവും കൈകോര്‍ക്കുന്ന ഈ മഹോത്സവം പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയതായി നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. വിവിധ കല സാംസ്‌കാരിക പരിപാടികളും കളിയാട്ടത്തിന്റെ ഭാഗമായി നടന്നു.

 

error: Content is protected !!