നീലേശ്വരത്ത് ആകാശപാതയ്ക്കായി ജനകീയ പ്രതിഷേധം: ‘പ്രതിഷേധ ജ്വാല’ തെളിയിച്ച് സമരസമിതി

നീലേശ്വരം: ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരത്ത് ആകാശപാത വേണമെന്ന ആവശ്യത്തിന്മേല്‍ അധികൃതര്‍ പുലര്‍ത്തുന്ന അനാസ്ഥയ്‌ക്കെതിരെ ജനകീയ പ്രതിഷേധം ഇരമ്പി. നീലേശ്വരം ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചു. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സമര പന്തല്‍ വരെ നീണ്ടു. കയ്യില്‍ തീപ്പന്തങ്ങളേന്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും നൂറുകണക്കിന് ആളുകളാണ് പ്രകടനത്തില്‍ പങ്കുചേര്‍ന്നത്. ‘വേണം നമുക്ക് ആകാശപാത’, ‘നീലേശ്വരത്തെ വെട്ടിമുറിക്കരുത്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധത്തില്‍ ഉയര്‍ന്നു കേട്ടു. ദേശീയപാത അതോറിറ്റിയുടെ മെല്ലെപ്പോക്കിനെതിരെയും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാത്തതിലുമുള്ള ശക്തമായ അമര്‍ഷം പ്രതിഷേധക്കാര്‍ രേഖപ്പെടുത്തി. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പ്രകടനത്തിന്റെ ഭാഗമായി. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

 

error: Content is protected !!