കേന്ദ്ര വനിതാ സംവരണ ബില്ലിന് കാസര്‍ഗോഡ് എം.പി പിന്തുണ നല്‍കണം : രവി കുളങ്ങര

ചെറുവത്തൂര്‍: രാജ്യത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ പ്രതിനിധിത്വം ഉറപ്പാക്കുന്നതിനായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ചരിത്രപരമായ വനിതാ സംവരണ ബില്ലിന് കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശക്തമായ പിന്തുണ നല്‍കണമെന്ന് ട്വന്റി 20 പാര്‍ട്ടി കാസര്‍കോട് ജില്ലാ കോര്‍ഡിനേറ്റര്‍ രവി കുളങ്ങര ആവശ്യപ്പെട്ടു.
ഏപ്രില്‍ 16ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്ത്രീകള്‍ക്ക് രാഷ്ട്രീയ രംഗത്ത് കൂടുതല്‍ അവസരങ്ങളും പങ്കാളിത്തവും ഉറപ്പാക്കുന്നതിനുള്ള ഈ ഭരണഘടനാ ഭേദഗതി ബില്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നത് സാമൂഹിക നീതിയുടെയും സമത്വത്തിന്റെയും വലിയ മുന്നേറ്റമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് മണ്ഡലത്തിന്റെ സമഗ്ര വികസന ലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന നാഴികക്കല്ലാണ് വനിതാ സംവരണ ബില്‍. ഇടുങ്ങിയ രാഷ്ട്രീയ അവസരവാദത്തിന്റെ പേരില്‍ ഈ ചരിത്രപരമായ നിയമനിര്‍മ്മാണത്തെ കണ്ണടച്ച് എതിര്‍ക്കാതെ, രാജ്യത്തിന്റെ പുരോഗതിക്കും സ്ത്രീശാക്തീകരണത്തിനും അനുകൂലമായ നിലപാട് സ്വീകരിച്ച് കാസര്‍കോട് മണ്ഡലത്തിലെ വോട്ടര്‍മാരുടെ ശബ്ദമായി നമ്മുടെ എം.പി പ്രവര്‍ത്തിക്കണമെന്നുംസ്ത്രീകള്‍ക്ക് ഭരണത്തിലും നയനിര്‍മ്മാണത്തിലുമുള്ള പങ്കാളിത്തം ‘ വര്‍ധിപ്പിക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ജനാധിപത്യ മൂല്യങ്ങള്‍ പൂര്‍ണതയിലേക്കുയരുകയുള്ളുവെന്നും
രവി കുളങ്ങര പറഞ്ഞു.

 

error: Content is protected !!