രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ രാത്രികാല ഒപി സേവനം വീണ്ടും നിര്‍ത്തി. ഡോക്ടര്‍മാരുടെ കുറവുമൂലം ആശുപത്രിയിലെ ഒപി വിഭാഗത്തിന്റെ പ്രവര്‍ത്തനം രാത്രി എട്ടുമണിവരെയായി പരിമിതപ്പെടുത്തിയതായാണ് മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പ്. നേരത്തേ ഈ മാസം ഒന്നു മുതല്‍ രാത്രികാല ഒപി സേവനം നിര്‍ത്തുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നു. നിലവിലുണ്ടായിരുന്ന ഡോക്ടര്‍മാരില്‍ ഒരാള്‍ അവധിയെടുത്ത് ഉപരിപഠനത്തിനു പോയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഒരു താത്കാലിക ഡോക്ടറെ കിട്ടിയതോടെ ആ തീരുമാനം വേണ്ടെന്നുവയ്ക്കുകയായിരുന്നു. 15 ദിവസത്തിനു ശേഷം ഇപ്പോള്‍ വീണ്ടും ഡോക്ടര്‍മാരുടെ കുറവ് വന്നതായാണ് പറയുന്നത്.
തെരഞ്ഞെടുപ്പുകാലത്ത് ആശുപത്രി സേവനങ്ങള്‍ തടസപ്പെടുന്നത് ഒഴിവാക്കാന്‍ ഉന്നതതലങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു തീരുമാനം തത്കാലം മാറ്റിയതെന്നാണ് സൂചന. ഇപ്പോള്‍ തെരഞ്ഞെടുപ്പും വിഷുവും കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് രാത്രികാല ഒപി സേവനം വീണ്ടും നിര്‍ത്തിയത്. ഇവിടെ നേരത്തേയും പലതവണ ഡോക്ടര്‍മാരുടെ കുറവുമൂലം സേവനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നിട്ടുണ്ട്.
