ഹോസ്ദുര്‍ഗ് ശ്രീ മഠത്തില്‍ തറവാട് കളിയാട്ടം 19,20 തീയ്യതികളില്‍; കുല കൊത്തല്‍, നാള്‍മരം മുറിക്കല്‍ ചടങ്ങുകള്‍ നടന്നു

കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ശ്രീ മഠത്തില്‍ തറവാട്ടില്‍ ഏപ്രില്‍ 19,20 തീയതികളില്‍ നടക്കുന്ന കളിയാട്ടത്തിന്റെ ഭാഗമായുള്ള കുലകൊത്തല്‍, നാള്‍ മുറിക്കല്‍ കര്‍മ്മം തറവാട്ടില്‍ നടന്നു. മന്യോട്ട് ദേവാലയത്തിലെ രാഘവന്‍ അന്തിത്തിരിയന്‍, കൂട്ടായിക്കാര്‍, മഠത്തില്‍ തറവാട്ട് കര്‍മ്മിയും കൊടക്കരച്ഛനുമായ രാഘവന്‍, നാരായണന്‍ ഏഴാം മൈല്‍ എന്നിവര്‍ ചേര്‍ന്ന് കുല കണ്ടുവെച്ച തറവാട്ടിലെ തൊട്ടടുത്തുള്ള പ്രകാശന്റെ വീട്ടിലെത്തി അനുവാദം ചോദിച്ചു കൊണ്ടു കുല കൊത്തി തറവാട്ടില്‍ എത്തിച്ച ശേഷം ശുദ്ധി വരുത്തി നെല്‍പ്പുല്ലില്‍ പൊതിഞ്ഞു കൊട്ടിലില്‍ കെട്ടി തൂക്കി. തുടര്‍ന്ന് പൊട്ടന്‍ദൈവത്തിന് വേണ്ടിയുള്ള നാള്‍ മരം മുറിക്കല്‍ കര്‍മ്മം നാരായണന്‍ ഏഴാം മൈല്‍ നിര്‍വഹിച്ചു. മഠത്തില്‍ തറവാട് രക്ഷാധികാരി എം ജി കുറുപ്പ്,തറവാട്ട് പ്രസിഡന്റ് ബാലകൃഷ്ണന്‍ ആറങ്ങാടി ,വൈസ് പ്രസിഡന്റ് രാഘവന്‍ സൗത്ത്, രാമകൃഷ്ണന്‍ കൊത്തിക്കല്‍,അതിയാമ്പൂര്‍ താഴത്ത് വീട് തറവാട് പ്രസിഡന്റ് രാഘവന്‍, ചന്ദ്ര ശേഖരന്‍,മറ്റുഭക്തരും തറവാട്ട് അഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സരസന്‍ പെരളം, രാജേഷ് അരയി, സുധാകരന്‍ മന്യോട്ട്, സുരേഷ് മണക്കാട്ട്, അജയ് മഠത്തില്‍,പ്രകാശ്,ഗണേഷ് കലയറ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

 

error: Content is protected !!