ബുക്‌സ് ഷോപ്പ് ഉടമ ഉദുമ പടിഞ്ഞാറിലെ റഹ്മാന്‍ പൊയ്യയില്‍ ശുചിമുറിയില്‍ കുഴഞ്ഞു വീണു  മരിച്ചു

കാഞ്ഞങ്ങാട്: ഉദുമ പടിഞ്ഞാര്‍ സ്വദേശി റഹ്മാന്‍ പൊയ്യയില്‍ ശുചിമുറിയില്‍ കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞങ്ങാട്ടെ ജീനിയസ് ബുക്‌സ് ഉടമയും പ്രശസ്ത ഡിസൈനറുമായ ഉദുമ പടിഞ്ഞാര്‍ സ്വദേശി റഹ്മാന്‍ പൊയ്യയില്‍ (55) അന്തരിച്ചു. ഇന്ന് ഉച്ചയോടെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. പുതിയകോട്ട ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് എതിര്‍വശം ഗ്രാന്റ് മാക്‌സ് ബില്‍ഡിങ്ങിലാണ് ജീനിയസ് ബുക്‌സ് നടത്തി വന്നിരുന്നത്. സുവനീറുകളുടെ ഡിസൈനര്‍ എന്ന നിലയിലാണ് പ്രശസ്തനായത്. ഈ രംഗത്തെ പ്രശസ്തനായ രചന അബ്ബാസിന് ഒപ്പമാണ് സുവനീറുകളുടെ ലോകത്തെത്തിയത്. മികച്ച കോളേജ് മാഗസിനുകള്‍ക്കുള്ള മലയാള മനോരമ, ബഷീര്‍ അവാര്‍ഡുകളും യൂണിവേഴ്‌സിറ്റി അവാര്‍ഡുകളും എല്ലാം ലഭിച്ച മുട്ടറ്റമേയുള്ളു ഭൂതകാലക്കുളിര്‍ ഉള്‍പ്പെടെയുള്ള മാഗസിനുകളുടെ മാസ്റ്റര്‍ ഡിസൈനര്‍ ആയിരുന്നു. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലുമെല്ലാം മികച്ചു നിന്ന അഞ്ഞൂറില്‍ അധികം സുവനീറുകള്‍ പുറത്തിറക്കി. അന്തരിച്ച കവി ബിജു കാഞ്ഞങ്ങാടിന്റെ ഓര്‍മ പുസ്തകമായ ‘ബിജു എന്ന കവിത’ ഡിസൈന്‍ ചെയ്തു. ജില്ലയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും സ്മരണികകള്‍ വര്‍ണ മനോഹരമായി രൂപകല്‍പന ചെയ്തു. റഹ്മാന്റെ കരവിരുതില്‍ ഡിസൈന്‍ ചെയ്ത സ്‌കൂള്‍ ഡയറികളും എടുത്തു പറയേണ്ടവയാണ്. പുതിയകണ്ടം അടിയാര്‍ കാവിന്റെ ഈശ്വരന്റെ പൂന്തോട്ടം, വെളളിക്കോത്ത് നെഹ്‌റു ബാലവേദി സര്‍ഗവേദി സുവര്‍ണജൂബിലി സുവനീര്‍ എന്നിവയും എടുത്തു പറയേണ്ടതാണ്.

 

error: Content is protected !!