ഉദുമ : ഉദുമ നിയോജകമണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി മനുലാല്‍ മേലത്ത് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിക്ക് കാസര്‍കോട് കളക്ടറേറ്റില്‍ വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ് ലോറന്‍സിന് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഉദുമ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് ആദ്യമായാണ് മനുലാല്‍ മത്സരിക്കുന്നത്. വിദ്യാനഗര്‍ കളക്ടറേറ്റ് റോഡ് ജംഗ്ഷനില്‍ നിന്നും കളക്ടറേറ്റിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായാണ് മനുലാല്‍ എത്തിയത്. തന്റെ ആദ്യ മത്സരത്തിലൂടെ തന്നെ ഉദുമയില്‍ മാറ്റത്തിന്റെ തുടക്കം കുറിക്കാന്‍ സാധിക്കും എന്നും അതിന് മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ തനിക്ക് ആവശ്യമാണെന്നും പത്രിക സമര്‍പ്പണത്തിന് ശേഷം മനുലാല്‍ മേലത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന സമിതി അംഗം പ്രമീള സി നായ്ക്, ജില്ലാ സെക്രട്ടറി എന്‍ മധു, ഉദുമ മണ്ഡലം കണ്‍വീനര്‍ എന്‍. ബാബുരാജ്, മണ്ഡലം പ്രസിഡന്റുമാരായ ഷൈനിമോള്‍, ദിലീപ് പള്ളഞ്ചി എന്നിവരും മറ്റ് പ്രവര്‍ത്തകരും പങ്കെടുത്തു. ഏഴാം ദിനമായ തിങ്കളാഴ്ച പത്രിക സമര്‍പ്പണത്തിന് ശേഷം ചെമ്മനാട് പഞ്ചായത്തിലായിരുന്നു സ്ഥാനാര്‍ഥി പര്യടനം .
